Image Credit: X/samachar
രാജസ്ഥാനിലെ ജയ്പുരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂളില്‍ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. തീര്‍ത്തും ആരോഗ്യവതിയായിരുന്നു മരിച്ച പ്രാചി കുമാവത്(9) എന്ന് കുടുംബവും ഡോക്ടര്‍മാരും പറയുന്നു. സ്കൂളില്‍ വച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഭക്ഷണപാത്രം തുറന്നതിന് പിന്നാലെ പ്രാചി ബോധരഹിതയായി നിലത്തുവീഴുകയായിരുന്നു.
ഓടിയെത്തിയ അധ്യാപകര്‍ ഉടന്‍ തന്നെ കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടിക്ക് പള്‍സ് ഉണ്ടായിരുന്നില്ല. രക്തസമ്മര്‍ദം ആവശ്യമായ അളവിലും താഴ്ന്നിരുന്നുവെന്നും ശ്വാസോച്ഛാസം ചെയ്യാന്‍ സാധിക്കുന്നുണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദയ സ്തംഭനത്തിന്‍റെ ലക്ഷണങ്ങളാണ് കുട്ടിയില്‍ കാണാനായതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
നില വഷളാണെന്ന് മനസിലാക്കിയതിന് പിന്നാലെ കുടുംബാംഗങ്ങള്‍ കുട്ടിയെ സികാറിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അതേസമയം, കുട്ടിക്ക് നേരിയ പനി ഉണ്ടായിരുന്നതിനാല്‍ ഇതിന് മുന്‍പുള്ള ദിവസങ്ങളില്‍ സ്കൂളില്‍ വന്നിരുന്നില്ലെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ വെളിപ്പെടുത്തി. തിങ്കളാഴ്ച സ്കൂളില്‍ വന്നപ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നു കുട്ടിയെന്നും സ്കൂള്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രാചിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുമ്പോള്‍ തന്നെ ഹൃദയമിടിപ്പ് നിലച്ചിരുന്നുവെന്നും സിപിആറും ഓക്സിജനും ഇന്‍ജക്ഷനും ഡ്രിപുമെല്ലാം നല്‍കിയെന്നും പക്ഷേ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും പരിശോധിച്ച ഡോക്ടറും വിശദീകരിച്ചു. അത്യപൂര്‍വമായാണ് കുട്ടികളില്‍ ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് തന്നെയാണ് നിഗമനം. ഹൃദയസ്തംഭനം വന്നയാളുടെ ലക്ഷണങ്ങളും സിപിആര്‍ നല്‍കിയപ്പോഴുണ്ടായ പ്രതികരണവും ഇത് വ്യക്തമാക്കുന്നുവെന്നും കുട്ടി നേരത്തെ ഹൃദ്രോഗി ആയിരിക്കാമെന്നും എന്നാല്‍ ഇത് തിരിച്ചറിയപ്പെടാതെ പോയതാവാമെന്ന സംശയവും ഡോക്ടര്‍മാര്‍ പ്രകടിപ്പിക്കുന്നു.
പ്രാചിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കുടുംബം തയാറായില്ല. തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് കൈമാറി. പ്രാചിക്ക് ആരോഗ്യസംബന്ധമായ ഒരു പ്രശ്നങ്ങളും ഇതുവരെയും സംഭവിച്ചിട്ടില്ലെന്നാണ് കുടുംബം വിശദീകരിക്കുന്നത്.