പ്രതീകാത്മക ചിത്രം: AFP
തമിഴ്നാട്ടിലെ തിരുവാരൂരില്‍ സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂളിലെ പാചകപ്പുരയിലെ വെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയെന്നാണ് അക്രമം. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതറിയാതെ പാചകക്കാര്‍ ഭക്ഷണം തയ്യാറാക്കി വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും ചെയ്തു. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ നല്കിയ പരാതി പ്രകാരം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മദ്യപിച്ച് ലക്കുകെട്ട മൂന്നുപേര്‍ സ്കൂള്‍ പരിസരത്തേക്ക് അതിക്രമിച്ച് കടന്നാണ് ഇത്തരത്തില്‍ ദ്രോഹം ചെയ്തതെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ ഊര്‍ജിതമായി അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ വെറുതേ വിടില്ലെന്നും പൊലീസ് വ്യക്തമാക്കി.
2022 ഡിസംബറില്‍ വെങ്കൈവയലിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതുക്കോട്ടൈ ജില്ലയിലെ വെങ്കൈവയല്‍ ഗ്രാമത്തില്‍ പട്ടികജാതിക്കാര്‍ കൂടുതലായി താമസിക്കുന്ന ഭാഗത്തെ കുടിവെള്ള ടാങ്കിലാണ് അന്ന് സമൂഹിക വിരുദ്ധര്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയത്. ടാങ്ക് പരിശോധിക്കാനെത്തിയ യുവാക്കളാണ് വിസര്‍ജ്യം കിടക്കുന്നത് കണ്ടതും ചിത്രം പകര്‍ത്തി പൊലീസില്‍ പരാതി നല്കിയതും. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി സിബിസിഐഡി ജനുവരി 24ന് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് മൂന്നുപേര്‍ ചേര്‍ന്നാണ് ഈ അക്രമം നടത്തിയതെന്നായിരുന്നു സിബിസിഐഡിയുടെ കണ്ടെത്തല്‍.