ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയിൽ 15-ന് പ്രവർത്തനമാരംഭിക്കും. ബാന്ദ്ര–കുർള കോംപ്ലക്സിലാണ് ആസ്ഥാനം. യൂറോപ്പിലും ചൈനയിലും വിൽപന കുറയുന്നതിനിടെയാണ് ഇലോൺ മസ്ക് ഇന്ത്യൻ വിപണിയിൽ ഭാഗ്യം പരീക്ഷിക്കുന്നത്
അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല രാജ്യത്തെ ഇലക്ട്രിക് കാർ വിപണിയിൽ വിപ്ലവകരമായ മാറ്റത്തിനാണ് വഴിയൊരുക്കുക. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ‘മോഡൽ വൈ’ എസ്‌യുവികളായിരിക്കും ഇന്ത്യയിൽ ആദ്യം വിൽപനയ്ക്ക് എത്തിക്കുക. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ആവശ്യം അതിവേഗം വളരുന്നതിനാൽ ഭാവിയിൽ കൂടുതൽ മോഡലുകൾ കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നു. ബി.കെ.സിയിൽ 4003 ചതുരശ്രയടി വിസ്തീർണമുള്ള പ്രീമിയം ഓഫിസ് 35 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കാണ് എടുത്തത്.
ഇതോടെ, ഷോറൂം തുറക്കുന്നതിനു മുന്നോടിയായി കുർളയിലെ ലോധ ലോജിസ്റ്റിക് പാർക്കിൽ വെയർ ഹൗസ് എടുത്തിരുന്നു. ഫീനിക്സ് മാർക്കറ്റ് സിറ്റിയിലും പുണെയിലും ഓഫിസുകൾ തുറന്നിട്ടുണ്ട്. ടെസ്‌ല ഇന്ത്യയിൽ ഫാക്ടറി തുറക്കുന്നത് യുഎസിനോടുള്ള അന്യായമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.