Image Credit: instagram.com/rajshree_more_official

മദ്യപിച്ച് ലക്കുകെട്ട ശേഷം യുവാവ് തന്നെ അപമാനിച്ചെന്ന് വെളിപ്പെടുത്തി മുംബൈയിലെ നെയില്‍ ആര്‍ടിസ്റ്റ് രാജശ്രീ മോര്‍. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ അന്ധേരിയില്‍ വച്ചാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നും എംഎന്‍എസ് നേതാവ് ജാവേദ് ഷെയ്ഖിന്‍റെ മകന്‍ റാഹില്‍ ഷെയ്ഖാണ് ആക്രമിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തന്‍റെ കാറിലേക്ക് റാഹില്‍ എസ്​യുവി കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചു. ആദ്യം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് തോന്നിയെങ്കിലും അതല്ല, കരുതിക്കൂട്ടി ചെയ്തതാണെന്ന് പിന്നീട് ബോധ്യമായി. മറാത്തികളല്ലാത്തവരെ പിന്തുണച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കാര്‍ തന്നെ പിന്തുടര്‍ന്നതോടെ വഴിയില്‍ കണ്ട പൊലീസുകാരോട് സഹായമഭ്യര്‍ഥിക്കുകയായിരുന്നുവെന്ന് രാജശ്രീ പറയുന്നു. പൊലീസുകാര്‍ തടഞ്ഞു നിര്‍ത്തി ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നും താന്‍ വിഡിയോ എടുക്കുന്നത് കണ്ടതോടെ വീണ്ടും തനിക്ക് നേരെ അധിക്ഷേപം ചൊരിയാന്‍ തുടങ്ങിയെന്നും അവര്‍ വെളിപ്പെടുത്തി. അര്‍ധനഗ്നനായിരുന്ന റാഹിലിന്‍റെ പാന്‍റ് അരയില്‍ നിന്നും ഊര്‍ന്ന് പോകുന്നുണ്ടായിരുന്നുവെന്നും കാല് നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ലെന്നും അവര്‍ വിവരിക്കുന്നു. 'ഞാന്‍ എംഎന്‍എസില്‍ നിന്നാണ്, എന്‍റെ അച്ഛന്‍ എംഎന്‍എസ് നേതാവാണ്. പൊലീസ് സ്റ്റേഷനില്‍ ചെല്ലൂ, ഞാനാരാണെന്ന് അപ്പോള്‍ അറിയാം. ഞാന്‍ ഉണ്ടാക്കിയ നഷ്ടത്തിന് പോയി രാജ് താക്കറെയില്‍ നിന്ന് പണം വാങ്ങിക്കോ. വേണ്ടി വന്നാല്‍ ഈ സ്റ്റേഷന്‍ തന്നെ വിലയ്ക്ക് വാങ്ങാന്‍ അറിയാം' എന്ന് യുവാവ് പറയുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളും രാജശ്രീ പൊലീസിന് കൈമാറി. 

മറാത്തി സംസാരിക്കാത്തവരെ പിന്തുണച്ചുള്ള രാജശ്രീയുടെ വിഡിയോയ്ക്കെതിരെ കഴിഞ്ഞയാഴ്ചയില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മറാത്തി സംസാരിക്കാത്തതിന്‍റെ പേരില്‍ മുംബൈക്കടുത്ത് കടയുടമയെ എംഎന്‍എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെയാണ് ഇത് ദ്രോഹമാണെന്ന് പറഞ്ഞ് രാജശ്രീ വിഡിയോ ചെയ്തത്. താന്‍ മറാത്തിയാണെന്നും എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടതെന്നും അവര്‍ അന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ഇതാണ് താന്‍ ആക്രമിക്കപ്പെടാന്‍ കാരണമെന്നാണ് രാജശ്രീ പറയുന്നത്. വീടിന് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എംഎന്‍എസിനെ വിമര്‍ശിക്കുന്ന വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന് രാജശ്രീക്ക് ഭീഷണി ഉയര്‍ന്നിരുന്നുവെങ്കിലും അവര്‍ അതിന് തയ്യാറായിരുന്നില്ല. 

 'മുംബൈ നഗരം എല്ലാവരുടെയും അമ്മയാണ്. ആരെയും വിശന്ന് മരിക്കാന്‍ വിടാത്ത അമ്മ. മുംബൈയിലേക്ക് തൊഴില്‍ തേടിയെത്തുന്നവരെയെല്ലാം മഹാനഗരം ഊട്ടുന്നു. മറാത്തികള്‍ അധ്വാനിച്ച് ജീവിക്കാന്‍ പഠിച്ചവരാണ്. ആരെയും ഉപദ്രവിച്ച് ജീവിച്ചവരല്ല. തനിക്ക് കീഴില്‍ അന്‍പതോളം ജീവനക്കാരുണ്ടെന്നും അവരില്‍ 35 പേര്‍ മറാത്തികളാണ് മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും രാജശ്രീ വിശദീകരിച്ചു. 

ENGLISH SUMMARY:

Mumbai nail artist Rajashree Mor alleges harassment and attempted murder by Rahil Sheikh, son of MNS leader Javed Sheikh, in Andheri. She claims a drunk Rahil tried to ram his SUV into her car due to animosity over her support for non-Marathis. Police are investigating the incident, which includes a video of the accused's aggressive behavior.