ഭര്‍ത്താവ് മരിച്ചതറിയാതെ ഭാര്യ ഒപ്പം കഴിഞ്ഞത് ഏഴു ദിവസം. കോയമ്പത്തൂര്‍ ഉക്കടത്താണ് സംഭവം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍ക്കാരാണ് ദമ്പതികളുെട മകനെ വിവരം അറിയിച്ചത്. മകന്‍ വീട്ടില്‍ വന്നുനോക്കുമ്പോഴാണ് പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോട്ടൈപുതൂര്‍ ഗാന്ധിനഗറില്‍ താമസിക്കുകയായിരുന്ന അബ്ദുല്‍ ജാഫര്‍ (48) ആണ് ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടില്‍വച്ച് മരണപ്പെട്ടത്. എന്നാല്‍ കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് ഭര്‍ത്താവ് മരിച്ചെന്ന് മനസിലാക്കാനായിരുന്നില്ല. മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വ്യക്തിയാണ് ജാഫറിന്റെ ഭാര്യ. പത്തു വര്‍ഷത്തോളമായി ദമ്പതികള്‍ ഈ വീട്ടിലാണ് കഴിയുന്നത്. ജാഫറിന്റെ കടുത്ത മദ്യപാനം കാരണം മകനും മകളും മുത്തശ്ശിക്കൊപ്പമാണ് താമസിക്കുന്നത്.
വീട്ടില്‍ നിന്നും ദുര്‍ഗന്ധം വരുന്നുണ്ടെന്ന് പറഞ്ഞ് അയല്‍ക്കാര്‍ ജൂലൈ ഒന്നിന് ജാഫറിന്റെ മകന്‍ ഷാരൂഖ് ഖാനെ ഫോണില്‍ വിളിച്ചറിയിച്ചു. മകന്‍ വന്ന് അമ്മയോട് അന്വേഷിച്ചപ്പോള്‍ പിതാവ് ഉറങ്ങുകയാണെന്നും ദുര്‍ഗന്ധം ചത്ത എലിയുടേതാകുമെന്നും മറുപടി പറഞ്ഞു. ഇതോടെ വീട് പരിശോധിക്കാതെ ഷാരൂഖ് ഖാന്‍ തിരിച്ചുപോയി. ദുര്‍ഗന്ധം കടുത്തതോടെ തൊട്ടടുത്ത ദിവസവും അയല്‍ക്കാര്‍ ഷാരൂഖ് ഖാനെ വീണ്ടും വിളിച്ചു, ഇതിനുപിന്നാലെ ഇയാള്‍ വീട്ടില്‍വന്നു പരിശോധിച്ചതോടെയാണ് പിതാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ബസാര്‍ സ്ട്രീറ്റ് പൊലീസ് സംഭവസ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുകയും ചെയ്തു. ഒരാഴ്ച മുന്‍പെങ്കിലും ജാഫര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണമുള്‍പ്പെടെ വ്യക്തമാവുകയുള്ളൂ.