Image Credit: /x.com/55akch
പെട്രോള്‍ പമ്പിലെത്തി 120 രൂപയ്ക്ക് പെട്രോളടിക്കാന്‍ പറഞ്ഞ പൊലീസുകാരനെ പമ്പ് ജീവനക്കാര്‍ തല്ലിച്ചതച്ചു. ബിഹാറിലെ സീതാമര്‍ഹിയിലാണ് സംഭവം. 120 രൂപയ്ക്കെന്ന് പറഞ്ഞത് പമ്പ് ജീവനക്കാരന്‍ 720 എന്ന് തെറ്റിദ്ധരിച്ചതാണ് തല്ലിന്‍റെ തുടക്കം.
പണം ചോദിച്ചപ്പോള്‍ പൊലീസുകാരന്‍ 120 രൂപ നല്‍കി. ഇത് പോരെന്നും താന്‍ 720 രൂപയ്ക്കാണ് പെട്രോളടിച്ചതെന്നായി ജീവനക്കാരന്‍. ഇതോടെ നിന്നോട് ആരു പറഞ്ഞുവെന്ന് ചോദിച്ച് പൊലീസ് ഓഫിസര്‍ പമ്പ് ജീവനക്കാരന്‍റെ കരണത്തടിച്ചു. ജീവനക്കാരനെ പൊലീസുകാരന്‍ അടിച്ചത് കണ്ട് ഓടിയെത്തിയ പമ്പ് മാനേജരും മറ്റ് സഹപ്രവര്‍ത്തകരും കൂടി പൊലീസുകാരനെ പൊതിരെ തല്ലുകയായിരുന്നു.
പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തെളിവായെടുത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. അഞ്ചു തവണയാണ് പമ്പ് ജീവനക്കാരിലൊരാള്‍ പൊലീസുകാരനെ തല്ലിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിക്കേണ്ട ആവശ്യം പൊലീസുകാരനില്ലായിരുന്നുവെന്നും യൂണിഫോമിലെത്തി അധികാരം കാണിക്കാന്‍ ഇരുന്നാല്‍ അടി കിട്ടുമെന്നും ചിലര്‍ വിഡിയോയ്ക്ക് ചുവടെ കുറിച്ചു. എന്നാല്‍ പറഞ്ഞത് വ്യക്തമായി കേള്‍ക്കാതെ പെട്രോള്‍ അടിച്ചത് ജീവനക്കാരന്‍റെ കുറ്റമാണെന്നും പൊലീസുകാരന്‍റെ ഭാഗത്താണ് ന്യായമെന്ന് വാദിക്കുന്നവരും കുറവല്ല.