Untitled design - 1

ബെംഗളുരുവിനെ നടുക്കി വന്‍ കവര്‍ച്ച. പ്രമുഖ കെട്ടിട നിര്‍മാതാവിന്റെ വീട്ടില്‍ നിന്നു വീട്ടുവേലക്കാരിയും ഭര്‍ത്താവും 18 കോടിയുടെ സ്വര്‍ണവും വെള്ളിയും രത്നങ്ങളും കവര്‍ന്നു. ഞയറാഴ്ച വീട്ടുടമയും കുടുംബവും ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു വൻ കവര്‍ച്ച. നേപ്പാള്‍ സ്വദേശികളായ ദമ്പതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.

മാറത്തഹള്ളിയില്‍ താമസിക്കുന്ന നഗരത്തിലെ പ്രമുഖ കെട്ടിട നിര്‍മാതാവ് എം.ആര്‍. ശിവകുമാര്‍ ഗൗഡയുടെ ഇരുനില വീട്ടിലാണു നടുക്കുന്ന കവര്‍ച്ച നടന്നത്. സ്ഥിരം ജോലിക്കാര്‍ അവധിയായതിനെ തുടര്‍ന്ന്, ഇരുപതു ദിവസം മുന്‍പെത്തിയ വീട്ടുവേലക്കാരി കമലയും തോട്ടക്കാരനായ അവരുടെ ഭര്‍ത്താവ് ദിനേശുമാണ് കവര്‍ച്ച നടത്തിയത്. ഞയറാഴ്ച രാവിലെ ശിവകുമാറും കുടുംബവും പുറത്തുപോയിരുന്നു. ഉച്ചയോടെ കമല മറ്റൊരു ജോലിക്കാരിയായ അംബികയെയും കൂട്ടി ഷോപ്പിങിനു പോയി. 

ഈ സമയം ദിനേശ് കവര്‍ച്ച നടത്തിയെന്നാണ് സംശയം.  രാത്രി വൈകി അംബിക വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയിലെ ലോക്കറുകളും അലമാരകളും തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. 11.5 കിലോ സ്വര്‍ണം, 5 കിലോ വെള്ളി, രത്നാഭരണങ്ങള്‍, 11.5 ലക്ഷം രൂപ എന്നിവയാണു നഷ്ടമായത്. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം തകര്‍ത്തിരുന്നതിനാല്‍ സിസിടിവി ക്യാമറകളില്‍ കവര്‍ച്ച പതിഞ്ഞിട്ടില്ല. 

ഇതിനിടയ്ക്ക് കമലയും ദിനേശും മുങ്ങുകയും ചെയ്തു. വീട്ടില്‍ ഇത്രയും സ്വര്‍ണവും ആഭരണങ്ങളും സൂക്ഷിച്ചതു മനസിലാക്കി ജോലിക്കാര്‍ ആസൂത്രിതമായി നടത്തിയ കവര്‍ച്ചയാണന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

ENGLISH SUMMARY:

Bengaluru was shaken by a massive robbery after a house help and her husband stole gold, silver, and precious stones worth ₹18 crore from the residence of a prominent builder. The major theft took place on Sunday when the house owner and family had gone to a relative’s home. A search has been launched for the couple, who are natives of Nepal.