വീട്ടുജോലിക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ 'ദുരന്ധർ' സിനിമാ താരം അറസ്റ്റിൽ. മുംബൈ സ്വദേശി നദീം ഖാൻ ആണ് പിടിയിലായത്. 41കാരിയുടെ പരാതിയിലാണ് പൊലീസ് നടപടി.
പല സിനിമാതാരങ്ങളുടെയും വീടുകളിൽ ജോലി ചെയ്തിരുന്ന പരാതിക്കാരി വർഷങ്ങൾക്ക് മുമ്പാണ് നദീം ഖാനെ പരിചയപ്പെടുന്നത്. 2015 മുതൽ ഇരുവരും അടുപ്പത്തിലായിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി നദീം ഖാൻ മൽവാനിയിലെയും വെർസോവയിലെയും വീടുകളിൽ എത്തിച്ച് പലതവണ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. പത്ത് വർഷത്തോളം ഈ ചൂഷണം തുടർന്നെന്നും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് നടൻ പിന്മാറിയതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും യുവതി പറഞ്ഞു.
മാൽവാനി പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയിലുള്ള പരാതിക്കാരിയുടെ വീട്ടിൽ വച്ചാണ് ആദ്യമായി ആക്രമണം നടന്നതെന്നും ഇര താമസിക്കുന്നത് ആ പ്രദേശത്തായതിനാലും കേസ് വെർസോവ പൊലീസ് സീറോ എഫ്‌ഐആറിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
ആദിത്യ ധർ രചനയും സംവിധാനവും നിർവഹിക്കുന്ന 'ദുരന്ധറി'ൽ 'അഖ്ലാഖ്' എന്ന ശ്രദ്ധേയമായ വേഷത്തിലാണ് നദീം ഖാൻ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ രൺവീർ സിങ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, മാധവൻ, സാറ അർജുൻ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.