Image Credit: Meta AI
മൂന്ന് യുദ്ധങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന അടിയന്തര ആവശ്യങ്ങള്‍ക്ക് എയര്‍ സ്ട്രിപ്പായി ഉപയോഗിച്ച സ്ഥലം പഞ്ചാബ് സ്വദേശിയായ അമ്മയും മകനും മറിച്ചു വിറ്റു. 1997ലാണ് സംഭവം നടന്നത്. പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഫത്തുവാല ഗ്രാമത്തില്‍ രണ്ടാം ലോകയുദ്ധ കാലത്ത് നിര്‍മിച്ച എയര്‍സ്ട്രിപ്പാണ് റവന്യൂ അധികൃതരുടെ ഒത്താശയോടെ 1997 ല്‍ ഉഷ അന്‍സലും മകന്‍ നവീന്‍ ചന്ദും മറിച്ചുവിറ്റത്. റിട്ടയര്‍ഡ് റവന്യൂ ഓഫിസറായ നിഷാന്‍ സിങ് നല്‍കിയ ഹര്‍ജി പരിഗണിച്ചപഞ്ചാബ്– ഹരിയാന ഹൈക്കോടതി സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് നാലാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചാബ് വിജിലന്‍സിന് നിര്‍ദേശം നല്‍കി. ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന നടപടിയാണുണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
1945 ലെ രണ്ടാം ലോക യുദ്ധകാലത്ത് ബ്രിട്ടിഷ് സര്‍ക്കാരാണ് ഈ ഭൂമി ഏറ്റെടുത്തത് എയര്‍ സ്ട്രിപ് നിര്‍മ്മിച്ചത്. സ്വാതന്ത്ര്യാനന്തരം സ്ഥലം വ്യോമസേന ഏറ്റെടുക്കുകയും ഉപയോഗിച്ച് വരികയുമായിരുന്നു. 1962,1965,1971 യുദ്ധങ്ങളില്‍ എയര്‍ സ്ട്രിപ് വ്യോമസേന പ്രയോജനപ്പെടുത്തി. എന്നാല്‍ വ്യാജരേഖകള്‍ ചമച്ച് ഉഷയും മകനും സ്ഥലം സ്വന്തം പേരിലാക്കുകയും ഇത് മറിച്ച് വില്‍ക്കുകയുമായിരുന്നു.
പൊതുപ്രവര്‍ത്തകന്‍ കൂടിയായ നിഷാന്‍റെ പരാതിയിന്‍മേല്‍ 2021 ല്‍ ഫിറോസ്പുര്‍ ഡപ്യുട്ടി കമ്മിഷണറോട് അന്വേഷണം ആവശ്യപ്പെട്ട് വ്യോമസേനയുടെ ഹല്‍വാര സ്റ്റേഷനില്‍ നിന്ന് കത്ത് പോയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് നിഷാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ വ്യോമസേനയുടെ സ്ഥലം വിറ്റ് അമ്മയും മകനും സ്ഥലം വിട്ടതിന്‍റെ വിശദവിവരങ്ങള്‍ പുറത്തുവന്നു. സ്ഥലത്തിന്‍റെ കൈവശാവകാശം 7 പേര്‍ക്കാണെന്ന് സര്‍ക്കാര്‍ രേഖകളിലായെങ്കിലും സൈന്യം സ്ഥലം വിട്ടുനല്‍കിയിട്ടില്ല.
ഫിറോസ്പുര്‍ ഡപ്യൂട്ടി കമ്മിഷണറുടേത് ഗുരുതര വീഴ്ചയാണെന്നും ഹര്‍ജി പരിഗണിച്ച കോടതി വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഉഷയ്ക്കും മകനുമെതിരെ വഞ്ചനക്കുറ്റം, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഹൈക്കോടതി ഇടപെടലിന് പിന്നാലെ സ്ഥലം വീണ്ടും പ്രതിരോധ മന്ത്രാലയത്തിന്‍റേതായി വകയിരുത്തുകയും രേഖകള്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്.