പ്രതീകാത്മക ചിത്രം

കോവിഡ് മഹാമാരി ലോകത്തെ ബാധിച്ച 2021 ല്‍ കോവിഡ് രോഗിയെ കൊന്നുകളഞ്ഞേക്കാന്‍ സഹപ്രവർത്തകനോട് നിർദ്ദേശിച്ചുവെന്ന ആരോപണത്തില്‍ ഡോക്ടർക്കെതിരെ അന്വേഷണം. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള മുതിർന്ന ഡോക്ടര്‍ക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കേസില്‍ പ്രതികളായ ഡോ. ശശികാന്ത് ദേശ്പാണ്ഡെയും ഡോ. ​​ശശികാന്ത് ഡാങ്കെയും തമ്മിലുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം. 

സംഭവം നടക്കുന്ന 2021 ല്‍ ലാത്തൂരിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിൽ അഡീഷണൽ ജില്ലാ സർജനായിരുന്നു ഡോ. ശശികാന്ത് ദേശ്പാണ്ഡെ. അതേസമയം ഡോ. ​​ശശികാന്ത് ഡാങ്കെ കോവിഡ് -19 കെയർ സെന്‍ററിലായിരുന്നു.  സംഭാഷണത്തിനിടയിൽ ഡോ. ശശികാന്ത് ദേശ്പാണ്ഡെ, ആരെയും അകത്തേക്ക് കടക്കാൻ അനുവദിക്കരുത് ആ സ്ത്രീയെ കൊന്നുകളഞ്ഞേക്കൂ എന്നാണ് പറയുന്നത്. സംഭാഷത്തിനിടയില്‍ ആശുപത്രിയില്‍ കിടക്ക ലഭ്യതയെക്കുറിച്ച് ഡോ. ശശികാന്ത് ദേശ്പാണ്ഡെ അന്വേഷിച്ചിരുന്നു. കിടക്കകളൊന്നും ഒഴിഞ്ഞുകിടക്കുന്നില്ല എന്നായിരുന്നു ശശികാന്ത് ഡാങ്കെയുടെ മറുപടി. പിന്നാലെയാണ് കൊന്നുകളയാന്‍ ഡോക്ടര്‍ ആവശ്യപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ലാത്തൂർ പൊലീസ് ഡോ. ശശികാന്ത് ദേശ്പാണ്ഡെയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് അദ്ദേഹത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്.

2021 ഏപ്രിൽ 15 ന് കോവിഡ്-19 ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൗസർ ഫാത്തിമ എന്ന രോഗിയെ കുറിച്ചായിരുന്നു സംഭാഷണം. സംഭാഷണം നടന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നുവെന്ന് കാണിച്ച് കൗസര്‍ ഫാത്തിമയുടെ ഭര്‍ത്താവ് അജിമോദ്ദീൻ ഗൗസോദ്ദീൻ പൊലീസിൽ ഔദ്യോഗിക പരാതി നൽകിയിട്ടുണ്ട്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ശശികാന്ത് ഡാങ്കെയുടെ ഫോൺ സ്പീക്കറിലായിരുന്നുവെന്നും ഡോക്ടറുടെ അരികിലിരുന്നാണ് താൻ ആ സംഭാഷണം കേട്ടതെന്നും അദ്ദേഹം പറയുന്നു. കൊല്ലുക എന്ന് മാത്രമല്ല, ജാതി അധിക്ഷേപങ്ങളും നടത്തിയതായി അദ്ദേഹം പറഞ്ഞു. ഭാര്യ അപ്പോഴും ചികിത്സയിലായതിനാലാണ് ആ സമയത്ത് മൗനം പാലിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

എഫ്‌ഐആറിൽ പറയുന്നതനുസരിച്ച് 2021 ഏപ്രിൽ 15 ന് യുവതിയെ കിടത്തി ചികില്‍സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. നാന്ദേഡ് റോഡിലെ ഒരു കണ്ണാശുപത്രിക്ക് എതിർവശത്തുള്ള ഒരു കെട്ടിടത്തിലായിരുന്നു കോവിഡ് ചികിത്സ നൽകിക്കൊണ്ടിരുന്നത്. 10 ദിവസമാണ് യുവതി ആശുപത്രിയില്‍ കഴിഞ്ഞത്. ശേഷം കോവിഡ് മുക്തയായി ആശുപത്രി വിടുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏഴാം ദിവസമായിരുന്നു ഈ സംഭാഷണം നടന്നത്. 

ENGLISH SUMMARY:

A senior doctor from Maharashtra’s Latur district, Dr. Shashikant Deshpande, is under police investigation for allegedly suggesting the killing of a COVID-19 patient during the 2021 pandemic. The case came to light after an audio clip of a conversation between Dr. Deshpande and Dr. Shashikant Danke surfaced, where Deshpande allegedly instructed his colleague not to allow anyone inside and to "finish" the patient. The conversation concerned a woman named Kauser Fathima, who was admitted on April 15, 2021. Her husband, Ajimoddin Gausoddin, filed a formal complaint after overhearing the conversation. He also alleged casteist remarks. The patient recovered and was discharged after 10 days, but the conversation took place on the seventh day of her admission. The Latur Police have seized the doctor’s phone and issued a notice, and further investigations are underway.