Image: X/contrarian_View
പാക്കിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്തുവെന്ന സൂചനകളെ തുടര്‍ന്ന് രാജസ്ഥാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കോണ്‍ഗ്രസ് നേതാവിന്‍റെ അടുത്ത അനുയായിയുമായ സാകുര്‍ ഖാന്‍ മംഗലിയാര്‍ അറസ്റ്റില്‍. ജയ്സല്‍മേറിലെ ഓഫിസില്‍ വച്ച് സിഐഡി–രഹസ്യാന്വേഷണ സംഘമാണ് സാകുര്‍ ഖാനെ അറസ്റ്റ് ചെയ്തത്. വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇയാളെ ജയ്പുറിലേക്ക് മാറ്റിയേക്കും. സംസ്ഥാനത്തെ പ്രമുഖനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി സാകുര്‍ ഖാനുള്ള ബന്ധത്തെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രമുഖ നേതാവിന്‍റെ പഴ്സനല്‍ സ്റ്റാഫില്‍ സാകുര്‍ ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ബറോഡയിലെ ധാനി ഗ്രാമക്കാരനായ സാകുര്‍ കുറച്ചധികം ആഴ്ചകളായി കടുത്ത നിരീക്ഷണത്തിലായിരുന്നു. സാകുറിന്‍റെ ഫോണില്‍ നിന്നും പാക്കിസ്ഥാനിലെ നിരവധിപ്പേരുടെ ഫോണ്‍ നമ്പറുകള്‍ ലഭിച്ചുവെന്നും ഇതേക്കുറിച്ച് തൃപ്തികരമായ വിശദീകരണമല്ല സാകുര്‍ നല്‍കിയതെന്നും പൊലീസ് പറയുന്നു. അടുത്തിടെ ഏഴുതവണ സാകുര്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതും ആശങ്ക ജനിപ്പിക്കുന്നതാണെന്ന് പൊലീസ് പറയുന്നു.
അതേസമയം, സാകുറിന്‍റെ ഫോണില്‍ നിന്നും സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വിഡിയോകളോ കണ്ടെത്തിയിട്ടില്ല. പക്ഷേ നിരവധി ഫയലുകള്‍ നശിപ്പിക്കപ്പെട്ട നിലയിലാണ്. ഇതിനുള്ളിലെന്തായിരുന്നുവെന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്. സാകുറിന്‍റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാണെന്നും പാക് എംബസിയിലെ ഒരുദ്യോഗസ്ഥനുമായി സാകുറിന് ഇടപാടുകളുണ്ടെന്നും ഇത് ഐഎസ്ഐ ബന്ധം ശരിവയ്ക്കുന്നതാണെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.