പഞ്ചാബിലെ അമൃത്സറില്‍ ഖലിസ്ഥാന്‍ ഭീകരന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ബാബര്‍ ഖല്‍സ എന്ന നിരോധിത സംഘടനയിലെ അംഗമാണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പ്രദേശത്ത് സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു ശേഖരിക്കാനെത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. സ്ഫോടന സമയത്ത് ഇയാളുടെ കയ്യിലായിരുന്നു സ്ഫോടക വസ്തുക്കളെന്ന് ഡിഐജി സതീന്ദര്‍ സിങ് പറഞ്ഞു. സ്ഫോടനത്തിന്‍റെ തീവ്രതയിൽ ഇയാളുടെ രണ്ട് കൈകളും തകര്‍ന്നു.
പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ഉഗ്രസ്ഫോടന ശബ്ദമാണ് കേട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്കും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.