ഭാര്യയുമായി ബന്ധമുണ്ടെന്നാരോപിച്ച് 17വയസുകാരനെ ഗ്യാസ് സിലിണ്ടര്‍കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പതിനേഴു വയസുകാരനേയും ഭാര്യയേയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് 25കാരനായ പ്രതി പറയുന്നത്. വടക്കന്‍ ഡല്‍ഹിയിലെ ഗുലാബി ബാഗില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം നടന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതാപ് നഗറിലെ വീട്ടില്‍ രണ്ട് പേര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും 17കാരന്റെ തലയടിച്ചുപൊട്ടിച്ചെന്നും പറഞ്ഞാണ് പൊലീസിനു ഫോണ്‍കോള്‍ വന്നത് . പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയപ്പോള്‍ ഒരാള്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കൊല നടത്തിയ പ്രതിയേയും പിടികൂടി.
തന്‍റെ ഭാര്യയുമായി പതിനേഴുകാരന് രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നും ഇരുവരേയും ഒന്നിച്ചുകണ്ടെന്നും പ്രതി പറയുന്നു. സിലിണ്ടര്‍ ഉപയോഗിച്ച് പലവട്ടം തലക്കടിച്ചാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയത്. ബിഹാര്‍ സ്വദേശിയാണ് മരിച്ച പതിനേഴുകാരന്‍. പത്തുദിവസം മുന്‍പാണ് ജോലി തേടി പതിനേഴുകാരന്‍ ഡല്‍ഹിയിലെത്തിയത്. പ്രതിയുടെ വീടിനോട് ചേര്‍ന്നാണ് വാടകയ്ക്കു താമസിച്ചിരുന്നത്.
രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് 17കാരനും യുവാവും ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നു. അന്നുതന്നെ ഭാര്യയ്ക്കൊപ്പം 17കാരനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നാണ് യുവാവ് പറയുന്നത്. പിറ്റേന്ന് രാവിലെ ഭാര്യ ജോലിക്കു പോയ സമയത്ത് ഇതിനെച്ചൊല്ലി തര്‍ക്കം ഉടലെടുക്കുകയും ചെറിയ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് തലക്കാഞ്ഞാഞ്ഞടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. പരിസരവാസികളാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ വിളിച്ചറിയിച്ചത്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ കൂടി മുറിയില്‍ പൂട്ടിയിട്ട് പൊലീസിനു കൈമാറുകയായിരുന്നു.