Image: linkedin.com/Jahnavi Sanghavi

TOPICS COVERED

പാക്ക് ചെയ്ത് എത്തിയ ശീതള പാനീയത്തിനുള്ളിലെ കുപ്പിച്ചില്ല് കൊണ്ട് വായ മുറിഞ്ഞ് പെണ്‍കുട്ടി ആശുപത്രിയില്‍. ഐസ് കട്ടയെന്നോര്‍ന്ന് വായിലാക്കിയപ്പോഴാണ് മുറിവ് സംഭവിച്ചത്. ചെന്നൈയിലെ തൊറൈപാക്കത്താണ് സംഭവം. കടയില്‍ നിന്നും വാങ്ങിയ 'ഫ്രോസന്‍ ബോട്ടിലി'ന്‍റെ സോഡയ്ക്കുള്ളിലാണ് ചില്ലുകഷണങ്ങള്‍ ഉണ്ടായത്. ദുരനുഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ ജാന്‍വി ലിങ്ക്ഡ് ഇനിലാണ് വിവരങ്ങള്‍ പങ്കുവച്ചത്. 

ഏപ്രില്‍ 27ന്  ചെന്നൈയിലെ തൊറൈപാക്കത്ത് നിന്നുമാണ് താന്‍ ഫ്രോസന്‍ ബോട്ടിലിന്‍റെ ശീതളപാനീയം വാങ്ങിയത്. കുപ്പി പൊട്ടിക്കാത്ത നിലയിലായിരുന്നു. പക്ഷേ ഉള്ളില്‍ ചില്ലുതരികളുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. ഐസ് കഷ്ണമാകുമെന്ന് കരുതി മകള്‍ അത് കടിച്ചു പൊട്ടിച്ചുവെന്നും ഗ്ലാസ് ആണെന്ന് തിരിച്ചറിഞ്ഞതോടെ തുപ്പിക്കളഞ്ഞുവെന്നും യുവതി എഴുതുന്നു. വായ മുറിഞ്ഞതോടെ വേഗം ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു. പിറ്റേ ദിവസം വീണ്ടും മകള്‍ ഛര്‍ദിക്കാന്‍ തുടങ്ങിയെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു. 

ശീതള പാനീയം വിതരണം ചെയ്ത കമ്പനിയുമായി താന്‍ ബന്ധപ്പെട്ടുവെന്നും സംഭവത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുക്കുന്നതായി കമ്പനി അറിയിച്ചുവെന്നും നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് പ്രതികരിച്ചില്ലെന്നും ജാന്‍വി പറയുന്നു. വീണ്ടും ബന്ധപ്പെട്ടതോടെ പ്രതിമാസം രണ്ടരക്കോടി കുപ്പികള്‍ വിപണിയിലെത്തിക്കുന്ന കമ്പനിക്ക് ഒരെണ്ണം കുറഞ്ഞാല്‍ നഷ്ടമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അവര്‍ കുറിച്ചു.  പിന്നാലെ താന്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയെന്നും അവര്‍ വിശദീകരിച്ചു. 

നിരുത്തരവാദപരമായാണ് കമ്പനി പ്രതികരിച്ചതെന്നും ഇത്തരം പാക്ക്ഡ് ശീതളപാനീയങ്ങള്‍ വാങ്ങുമ്പോഴും കുടിക്കുമ്പോഴും ജാഗ്രത വേണമെന്നും അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. 

ENGLISH SUMMARY:

A girl from Chennai was hospitalized after a glass shard inside a packaged soda drink cut her mouth. Mistaking it for ice, she bit into the fragment. Her mother shared the incident on LinkedIn, raising concerns about food safety.