ഏഴു മാസത്തിനിടെ ഇരുപത്തിയഞ്ചു യുവാക്കളെ വിവാഹം ചെയ്ത 23കാരി ഭോപ്പാലില്‍ പിടിയില്‍. വിവിധ സംസ്ഥാനങ്ങളിലായി ഓടിനടന്നായിരുന്നു. അനുരാധ പാസ്വന്‍റെ വിവാഹത്തട്ടിപ്പ് . പ്രണയനൈരാശ്യം സംഭവിച്ചവരെയും വിവാഹം നടക്കാന്‍ കാലതാമസം നേരിടുന്നവെയും തേടിപ്പിടിച്ച് അനുരാധ വലയിലാക്കുകയായിരുന്നു. വിവാഹം കഴിഞ്ഞാല്‍ വിലപ്പെട്ട വസ്തുക്കളുമായി മുങ്ങുന്നതാണ് അനുരാധയുടെ രീതി.
തിങ്കളാഴ്ച്ചയാണ് അനുരാധ സവായി മധോപൂര്‍ പൊലീസിന്‍റെ പിടിയിലായത്. വിവാഹത്തട്ടിപ്പു സംഘത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അനുരാധ ഏഴുമാസത്തിനിടെ 25 യുവാക്കളെ കബളിപ്പിച്ചതായി പൊലീസ് കണ്ടെത്തി. മര്യാദക്കാരിയായി യുവാക്കളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുകയും കാര്യങ്ങള്‍ വിവാഹത്തിലേക്കെത്തിക്കുകയും നിയമപരമായ രേഖകള്‍ ഉള്‍പ്പെടെ തയ്യാറാക്കിയുമാണ് അനുരാധയുടെ സംഘം വരന്‍മാരെ വെട്ടിലാക്കുന്നത്. വിവാഹം കഴിച്ച് ഏതാനും ദിവസങ്ങള്‍ ഭര്‍ത്താവിനൊപ്പം താമസിച്ച ശേഷം രാത്രിയുടെ മറവില്‍ സ്വര്‍ണവും പണവും, ഇലക്ട്രോണിക്സ് സാധനങ്ങളും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയാണ് പതിവെന്ന് പൊലീസ് പറയുന്നു.
സവായി മധോപൂര്‍ സ്വദേശിയായ വിഷ്ണു ശര്‍മ എന്ന യുവാവ് മേയ് 3ന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവാഹത്തട്ടിപ്പ് പുറത്തുവന്നത്. യോജിച്ച ഒരു വധുവിനെ കണ്ടെത്താനായി രണ്ട് ഏജന്‍റുമാര്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കിയെന്നും അനുരാധയെന്ന യുവതിയെ പരിചയപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ 20ന് കല്യാണം നടക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ പണവും മറ്റ് വസ്തുക്കളുമായി ഭാര്യ കടന്നുകളയുകയും ചെയ്തെന്നാണ് പരാതി.
അനുരാധയുടെ വ്യക്തിജീവിതവും അങ്ങേയറ്റം അമ്പരപ്പുളവാക്കുന്നതാണെന്നും പൊലീസ് പറയുന്നു. നേരത്തേ മഹാരാജ് ഗഞ്ചില്‍ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു അനുരാധ. ആദ്യ ഭര്‍ത്താവില്‍ നിന്നും തര്‍ക്കങ്ങളെത്തുടര്‍ന്ന് വിവാഹമോചിതയായി. തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിന്നും ഭോപ്പാലിലെത്തി. പിന്നാലെ വിവാഹത്തട്ടിപ്പുസംഘവുമായി ബന്ധപ്പെടുകയും ഒപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. യുവാക്കള്‍ക്ക് വാട്സാപ്പിലൂടെ യുവതികളുടെ ഫോട്ടോ അയച്ചുകൊടുക്കുകയും വിവാഹനടത്തിപ്പിനായി പണം ആവശ്യപ്പെടുകയും ചെയ്യും. രണ്ടു മുതല്‍ അഞ്ചുലക്ഷം രൂപവരെയാണ് സംഘം യുവാക്കളോട് ആവശ്യപ്പെടുന്നത്. വിവാഹം നടന്നുകഴിഞ്ഞാല്‍ ഒരാഴ്ച്ചക്കകം വധു കടന്നുകളയും. പൊലീസ് കോണ്‍സ്റ്റബിള്‍ വരന്‍റെ വേഷത്തിലെത്തിയാണ് തട്ടിപ്പുസംഘത്തെ പിടികൂടിയത്. അനുരാധയുടെ സംഘത്തില്‍പ്പെട്ട ആറുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.