Image: X, ANI
പാക്കിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയതില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര വീടുമായി ബന്ധമില്ലെന്ന് കുടുംബം. മകള്‍ പാക്കിസ്ഥാനിലേക്ക് പോയതിനെ കുറിച്ചോ യൂട്യൂബ് ചാനലിനെ കുറിച്ചോ അറിവില്ലെന്നാണ് പിതാവ് പറയുന്നത്. 'ഡല്‍ഹിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പാക്കിസ്ഥാനില്‍ പോകുന്ന കാര്യമൊന്നും പറഞ്ഞിരുന്നില്ല. കോവിഡിന് മുന്‍പ് ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നതിനാല്‍ ഇത് കാര്യമാക്കിയില്ല. വീട്ടിനുള്ളില്‍ വച്ചും വിഡിയോ ചിത്രീകരിക്കുന്നതിനാല്‍ തനിക്ക് സംശയമൊന്നും തോന്നിയിട്ടില്ലെന്നും ജ്യോതിയുടെ പിതാവ് ഹരിഷ് മല്‍ഹോത്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ട്രാവല്‍ വിത് ജോ എന്ന പേരിലെ ജ്യോതിയുടെ യൂട്യൂബ് ചാനലിന് നാലുലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സാണുള്ളത്. ഇന്ത്യയെ കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച 33കാരിയായ ജ്യോതി അറസ്റ്റിലായിരുന്നു. പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തിയിരുന്ന ജ്യോതി രണ്ടുവട്ടമാണ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്.
നാന്നൂറ്റിയന്‍പതിനടുത്ത് വിഡിയോകളാണ് ജ്യോതി യൂട്യൂബ് ചാനലില്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ മിക്കതും പാക്കിസ്ഥാനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടുള്ളതാണ്. 'ഇന്ത്യന്‍ ഗേള്‍ ഇന്‍ പാക്കിസ്ഥകാന്‍, ഇന്ത്യന്‍ ഗേള്‍ എക്സ്പ്ലോറിങ് ലഹോര്‍, ഇന്ത്യന്‍ ഗേള്‍ അറ്റ് കത്കാസ് രാജ് ടെംപിള്‍, ഇന്ത്യന്‍ ഗേള്‍ റൈഡ്സ് ലക്ഷ്വറി ബസ് ഇന്‍ പാക്കിസ്ഥാന്‍ എന്നിങ്ങനെയാണ് പല വിഡിയോകളുടെയും പേര്.
ജ്യോതി അടുത്തയിടെ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും അതിന് മുന്‍പായി പാക്കിസ്ഥാനിലെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഈ യാത്രകളിലെല്ലാം പാക്കിസ്ഥാനില്‍ ബന്ധങ്ങളുണ്ടാക്കിയെന്നും ഹിസാര്‍ എസ്പി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പാക് ചാരസംഘടനയുമായും ജ്യോതിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇന്ത്യ–പാക് സൈനിക സംഘര്‍ഷമുണ്ടായ സമയത്തും ന്യൂഡല്‍ഹിയിലെ പാക് ഹൈകമ്മിഷണറുമായി ബന്ധപ്പെട്ടിരുന്നുവെന്നും കണ്ടെത്തി. പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിവന്ന വിവിധ കേസുകളിലായി ജ്യോതി ഉള്‍പ്പടെ പന്ത്രണ്ടോളം പേരാണ് ഇതുവരെ പിടിയിലായത്.