എവറസ്റ്റ് യാത്രക്കിടെ ഇന്ത്യക്കാരനായ ശുഭ്രത ഘോഷ് എന്ന നാല്‍പത്തിയഞ്ചുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ശുഭ്രത ഘോഷിനെ അനുഗമിച്ച പാൽചെൻ തമാങാണ് കൂടുതല്‍ വിശദാംശങ്ങള്‍ പങ്കിട്ടത്. താൻ ശുഭ്രതയെ മറന്നുപോയതല്ലെന്നും എന്നാൽ ദിശതെറ്റിയ അദ്ദേഹത്തെ താഴേക്കെത്തിക്കാന്‍ കഴിയാത്തത്ര ക്ഷീണിതനായിരുന്നെന്നും ഒടുവിൽ ഉപേക്ഷിക്കേണ്ടതായി വന്നതായും അദ്ദേഹം പറഞ്ഞു. ക്യാമ്പിൽ തിരിച്ചെത്തിയെങ്കിലും രണ്ടു ദിവസത്തോളം തനിക്ക് ഹാലൂസിനേഷന്‍ അനുഭവപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എവറസ്റ്റ് കൊടുമുടി കയറിയ ശേഷം ശുഭ്രത ഘോഷ് മടങ്ങിവരാന്‍ കൂട്ടാക്കിയില്ല എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍.
മെയ് 14ന് രാത്രി 10 മണിയോടെ വളരെ വൈകിയാണ് സംഘം യാത്ര ആരംഭിച്ചത്. ശുഭ്രത ഘോഷ് വളരെ പതുക്കെയായിരുന്നു നടന്നുകയറിയത്. കൊടുമുടിയിലെത്താൻ വളരെയധികം സമയമെടുത്തിരുന്നതായും കാഠ്മണ്ഡുവിലെ സ്നോവി ഹൊറൈസൺ ട്രെക്സിന്റെ മാനേജിങ് ഡയറക്ടർ ബോധരാജ് ഭണ്ഡാരിയോടുള്ള സംസാരത്തില്‍ ഷെര്‍പ്പയായ പാൽചെൻ തമാങ് വിശദീകരിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ശേഷം ശക്തമായ കാറ്റ് ഉണ്ടായിരുന്നു ഇതും കൊടുമുടി കയറ്റം വൈകിപ്പിച്ചു.
കൊടുമുടിയിലെത്തിയപ്പോള്‍ ശുഭ്രത ഘോഷ് വളരെ ആവേശഭരിതനായിരുന്നു. കൊടുമുടിയിലെത്തിയപ്പോൾ എന്നാല്‍ പിന്നാലെ അദ്ദേഹത്തിന്‍റെ ഊർജ്ജം കുറഞ്ഞതായി തോന്നി ബോധരാജ് ഭണ്ഡാരി പറയുന്നു. എവറസ്റ്റിന്റെ തെക്കുകിഴക്കൻ മലനിരയിലെ 40 അടി ഉയരമുള്ള ലംബമായ പാറയായ ഹിലാരി സ്റ്റെപ്പ് ഭാഗത്തേക്ക് ഇറങ്ങുമ്പോൾ ശുഭത്ര, തനിക്ക് ഒന്നും കാണാൻ കഴിയില്ലെന്നും അനങ്ങാൻ കഴിയുന്നില്ലെന്നും പറഞ്ഞു. അവിടെത്തന്നെ ഇരുന്നു. ഉയരം കൂടുമ്പോൾ ഓക്സിജന്റെ അളവ് കുറയുന്നതിന്‍റെ സാധാരണ ലക്ഷണമാണിത്. പാൽചെൻ തമാങ് ശുഭത്രയെ താഴേക്കിറങ്ങാന്‍ നിര്‍ബന്ധിച്ചു. അവർ അന്ന് ഏകദേശം 16 മണിക്കൂർ ഡെത്ത് സോണിലായിരുന്നു. ഓക്സിജനും വളരെ കുറവായിരുന്നു. ഷെർപ്പമാർക്ക് ഇത്രയും കുറഞ്ഞ അളവിലുള്ള ഓക്സിജനെ നേരിടാൻ കഴിയും, പക്ഷേ മറ്റുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്നും ബോധരാജ് ഭണ്ഡാരി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ശുഭ്രത ഘോഷ് ശ്രമം ഉപേക്ഷിച്ച് അവിടെ ഇരുന്നപ്പോൾ, പാൽചെൻ തമാങ് താഴേക്ക് ഇറങ്ങാൻ സഹായിക്കാൻ തീരുമാനിച്ചു. വെറും 100 മീറ്റർ താഴേക്ക് എത്തിക്കാന്‍ ഏകദേശം നാല് മണിക്കൂർ സമയമാണ് എടുത്തത്. പക്ഷേ പാൽചെൻ തമാങും തളർന്നുപോയിരുന്നു. അദ്ദേഹം ശുഭത്ര ഘോഷിനൊപ്പം ഇരുന്നു. അടുത്ത നാല് മണിക്കൂർ അദ്ദേഹത്തെ താഴെയിറക്കാൻ ശ്രമിച്ചുകൊണ്ട് പാല്‍ചെന്‍ തമാങ്ങും ശുഭത്രയോടൊപ്പം നിന്നു. പക്ഷേ ഇരുട്ടായിരുന്നു. ഒടുവില്‍ ഹിലാരി സ്റ്റെപ്പിന് സമീപം എവിടെയോ പാൽചെൻ തമാങും ശുഭത്ര ഘോഷും തനിച്ചായി. ഒരു ഘട്ടത്തിൽ ശ്രമം ഉപേക്ഷിച്ച് പാല്‍ചന്‍ കൊടുമുടി ഇറങ്ങാന്‍ ആരംഭിച്ചു. സപ്ലിമെന്ററി ഓക്സിജനും ഇല്ലായിരുന്നു. അടുത്ത ദിവസം സൂര്യൻ അസ്തമിച്ചതിന് ശേഷമാണ് പാല്‍ചന്‍ ക്യാമ്പില്‍ തിരിച്ചെത്തിയതെന്നും ഭണ്ഡാരി പറഞ്ഞു.
എവറസ്റ്റ് കൊടുമുടി കയറിയ ശേഷം ശുഭ്രത ഘോഷ് മടങ്ങിവരാന്‍ കൂട്ടാക്കിയില്ല എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നത്. രാവിലെ മുതൽ കാറ്റായിരുന്നുവെന്നാണ് അതേ ദിവസം കൊടുമുടിയിലെത്തിയ ബർദ്ധമാനിൽ നിന്നുള്ള പർവതാരോഹകനായ പ്രതികരിച്ചതായി സൗമെൻ സർക്കാർ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മെയ് 15 രാവിലെ 6.45 ന് കൊടുമുടിയിലെത്തിയെന്നും 15 മിനിറ്റിൽ കൂടുതൽ നിൽക്കാൻ പോലും കഴിയാത്തത്ര കാറ്റായിരുന്നുവെന്നും സമയം കൂടുന്തോറും കാറ്റിന്റെ വേഗത വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് മാസം മുതല്‍ മെയ് വരെ നീണ്ടുനില്‍ക്കുന്ന സീസണില്‍ എവറസ്റ്റ് യാത്രയ്ക്കിടെ മരണപ്പെടുന്ന രണ്ടാമത്തെയാളാണ് ശുഭ്രത ഘോഷ്. ഫിലിപ്പിന്‍സ് സ്വദേശിയായ മറ്റൊരാള്‍ നേരത്തെ മരണപ്പെട്ടിരുന്നു. സാന്‍ഡിയാഗോ എന്ന നാല്‍പത്തിയഞ്ചുകാരനാണ് ആദ്യം മരണപ്പെട്ട ഫിലിപ്പിന്‍സുകാരന്‍. കഴിഞ്ഞ ബുധനാഴ്ചയാണ് സാന്‍ഡിയാഗോ മരിച്ചത്. നാലാമത്തെ ഹൈ ക്യാമ്പായ സൗത്ത് കോളില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. എവറസ്റ്റ് കയറി ഇറങ്ങുമ്പോള്‍ സാന്‍ഡിയാഗോയ്ക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. തിരിച്ചിറങ്ങാനാകാത്തവിധം തളര്‍ന്ന അദ്ദേഹം സൗത്ത് കോളില്‍ വിശ്രമിക്കുമ്പോഴാണ് മരണപ്പെട്ടത്.