**EDS: THIRD PARTY IMAGE** In this image via Telangana DIPR, Miss World 2025 contestants wash their feet with water before entering the Ramappa temple, a UNESCO World Heritage Site, in Mulugu district, Telangana, Wednesday, May 14, 2025. (Telangana DIPR via PTI Photo)(PTI05_14_2025_000377B)
ലോകസുന്ദരിപ്പട്ടത്തിനായി മല്‍സരിക്കുന്ന യുവതികള്‍ക്ക് 'പാദ പൂജ' നടത്തിയതുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ വന്‍ വിവാദം. സഹസ്ര സ്തംഭ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പായാണ് സൗന്ദര്യ മല്‍സരത്തിനെത്തിയവര്‍ക്ക് സംഘാടകര്‍ പാദപൂജ നടത്തിയത്. യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഇടം നേടിയ രാമപ്പ ക്ഷേത്രത്തിന് മുന്നില്‍ വൊളന്‍റിയര്‍മാരാണ് മല്‍സരാര്‍ഥികളുടെ കാലുകള്‍ കഴുകി തുടച്ചത്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പായി പാദശുദ്ധി വരുത്തണമെന്ന ആചാരം പാലിക്കാനാണ് ചടങ്ങ് നടത്തിയതെന്നാണ് മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ അവരുടെ സമൂഹമാധ്യമ പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിക്കുന്നതിന്‍റെ പ്രതീകാത്മക ചടങ്ങാണെന്നും ആദരപൂര്‍വമാണ് മല്‍സരാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും കുറിപ്പില്‍ പറയുന്നു.
PTI Photo
അതേസമയം, കൊളോണിയല്‍ അടിമത്തം കാണിക്കുന്ന ചടങ്ങായിരുന്നു ഇതെന്നും സംസ്ഥാനത്തെ സ്ത്രീകളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അപമാനിച്ചുവെന്നും ബിജെപിയും ബിആര്‍എസും ആരോപിച്ചു. തെലങ്കാനയിലെ സ്ത്രീകളുടെ ആത്മാഭിമാനമാണ് പണയപ്പെടുത്തിയതെന്നും രേവന്ത് റെഡ്ഡി മാപ്പു പറയണമെന്നും ബിആര്‍എസ് ആവശ്യപ്പെട്ടു. ബിആര്‍എസ് നേതാക്കളായ സബിത ഇന്ദ്ര റെഡ്ഡി, സത്യവതി റാത്തോഡ്, സുനിത ലക്ഷ്മ റെഡ്ഡി, കോവ ലക്ഷ്മി എംഎല്‍എ എന്നിവര്‍ നിരുപാധികം മാപ്പ് ആവശ്യപ്പെട്ടുകൊണ്ട് സോണിയ ഗാന്ധിക്കും കത്തയച്ചു.
പട്ടികജാതി മറ്റു പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളെ നിര്‍ബന്ധിച്ചാണ് ഇത്തരത്തില്‍ ചടങ്ങ് നടത്തിച്ചതെന്നും തെലങ്കാനയുടെ മക്കളെ തരംതാണ പബ്ലിസിറ്റിക്ക് ഉപയോഗിച്ചുവെന്നും കത്തില്‍ പറയുന്നു. 200 കോടി രൂപയാണ് തെലങ്കാന സര്‍ക്കാര്‍ ലോക സുന്ദരി മല്‍സരത്തിനായി ചെലവഴിക്കുന്നത്. എന്നാല്‍ തെലങ്കാനയിലെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ക്ഷേമ പദ്ധതികളെല്ലാം പണമില്ലെന്ന പേരില്‍ മുടങ്ങി കിടക്കുകയാണെന്നും മഹാലക്ഷ്മി പദ്ധതി വാഗ്ദാനങ്ങളില്‍ ഒതുങ്ങിയെന്നും കത്തില്‍ വിവരിക്കുന്നു.
കോണ്‍ഗ്രസിന്‍റെ മനോഭാവമാണ് ചടങ്ങിലൂടെ പുറത്തുവന്നതെന്നും ഇപ്പോഴും വിദേശികളുടെ അടിമകളാണെന്നാണ് കോണ്‍ഗ്രസിന്‍റെ വിശ്വാസമെന്നും തെലങ്കാന ബിജെപി അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡി എക്സില്‍ കുറിച്ചു.