ഇം​ഗ്ലീഷ് ഭാഷയുടെ പേരിൽ ഇടത് എംപി എഎ റഹിം ട്രോളുകൾ ഏറ്റുവാങ്ങുന്നതിനെപ്പറ്റി വൈറൽ പോസ്റ്റുമായി ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ ഇർഷാദ് ലാവണ്ടർ.  യൂത്ത് ലീഗ് പ്രതിനിധി സംഘത്തോടൊപ്പം യെഹലങ്ക സന്ദർശിച്ച ഷിബു മീരാനുമായി എഎ റഹിമിനെ താരതമ്യം ചെയ്തുള്ള ഫെയ്സ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

ഷിബു മീരാന് ഒരുപാട് ബിരുദങ്ങളുടെ മാറാപ്പ് ചുമക്കാനില്ല. നാൽപ്പതുകളിലാണ് അയാൾ ആഗ്രഹിച്ച് ഒരു എൽഎൽബി ബിരുദം സ്വന്തമാക്കിയത്.

എന്നാൽ ഒരു ദേശീയ യുവനേതാവ് എങ്ങനെ ആവണമെന്ന് ഷിബു മീരാനും, എങ്ങനെ ആവരുതെന്ന് എഎ റഹീമും കാട്ടിത്തന്നുവെന്ന് ഇർഷാദ്  ഫെയ്സ്ബുക്കിൽ കുറിച്ചു. 

'ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുക എന്നത് ദേശീയ നേതാവിന് വേണ്ട ബേസിക് ക്വാളിറ്റിയാണ്. വലിയ ബിരുദങ്ങൾ ഇല്ലെങ്കിലും സ്വപ്രയത്നത്താൻ ഷിബു മനോഹരമായി ഹിന്ദി സംസാരിക്കും, തെറ്റ് പറയാൻ കഴിയാത്ത വിധം ഇംഗ്ലീഷ് സംസാരിക്കും. ചോദ്യം ചോദിക്കുന്ന മാധ്യമങ്ങൾക്ക് മുന്നിൽ ഉദ്ദേശിക്കുന്ന ആശയം കൃത്യമായി അദ്ദേഹം പറഞ്ഞ് വെക്കും..

യെഹലങ്ക ഉദാഹരണമായി എടുക്കാം. റഹീം യെഹലങ്കയിൽ എത്തുന്നു. കുറച്ച് വിഷ്വലുകൾ ഷൂട്ട് ചെയ്ത് വൈകാരികതയ്ക്ക് ശ്രമിക്കുന്നു..

കേരളത്തിൽ നിന്നുള്ള രാജ്യസഭാ പ്രതിനിധിയെന്ന നിലയിൽ ദേശീയ മാധ്യമങ്ങൾ അയാളോട് ചോദ്യങ്ങൾ ചോദിക്കുന്നു. ഉത്തരം പറയാൻ കഴിയാതെ പരിഹാസ്യനാവുന്നു..

അവിടെ കർണ്ണാടക അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെടാൻ അദ്ദേഹം ശ്രമിച്ചില്ല, സർക്കാർ പ്രതിനിധികളെ കണ്ടിട്ടില്ല. റഹിമിന് ലഭിച്ച ക്വട്ടേഷൻ വൈകാരികത ഇളക്കി വിടാനുള്ള വിഷ്വലുകൾ തയ്യാറാക്കുക എന്നതായിരുന്നു, പക്ഷേ മാധ്യമങ്ങൾ ഇടയ്ക്ക് കയറി അയാളൊരു ട്രോൾ മെറ്റീരിയലായി മാറി. 

ഇനി ഷിബുവിലേക്ക് നോക്കാം. യൂത്ത് ലീഗ് പ്രതിനിധി സംഘത്തോടൊപ്പം യെഹലങ്ക സന്ദർശിക്കുന്നു. അവിടുത്തെ അവസ്ഥ മനസ്സിലാക്കി ന്യായീകരണം ചമയ്ക്കാതെ പുനരധിവാസം എന്ന ആവശ്യം സർക്കാറിന് മുന്നിൽ വെക്കുന്നു. കെഎംസിസി - മൈനോററ്റി കോൺഗ്രസ്സ് നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണുന്നു.

പുനരധിവാസം സർക്കാർ ലക്ഷ്യമാണെന്നും, നാളെത്തന്നെ നല്ല വാർത്ത കേൾക്കുമെന്നും സിദ്ധരാമയ്യ യൂത്ത് ലീഗ് പ്രതിനിധികൾക്ക് ഉറപ്പ് നൽകുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ മനോഹരമായി അയാൾ കാര്യങ്ങൾ പറഞ്ഞ് വെക്കുക മാത്രമല്ല റഹീമിന്റെയും ജലീലിന്റെയും നാടകം എടുത്ത് ഭിത്തിയിൽ കയറ്റുകയും ചെയ്യുന്നുണ്ട്.

രാജ്യസഭാ എംപി എന്ന നിലയിൽ സർക്കാറുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുന്ന റഹീം അതിന് ശ്രമിക്കാതെ നാടകം അഭിനയിച്ച് തിരിച്ച് പോയതിനെ മാന്യമായ ഭാഷയിൽ പരിഹസിക്കുന്നു. അധികാരമില്ലാത്ത, പദവികൾ ഇല്ലാത്ത ഷിബു മീരാൻ ഒരു വിവാദ വിഷയം മനോഹരമായി കൈകാര്യം ചെയ്തതും, റഹീം എത്രമാത്രം പരിഹാസ്യനായെന്നതും ചേർത്ത് വെച്ച് മനസ്സിലാക്കുക.

ഒരു എംഎൽഎ പദവി അല്ലെങ്കിൽ ഒരു എംപി സ്ഥാനം അർഹിക്കുന്നുണ്ട് ഷിബു മീരാൻ. ലീഗിന് കിട്ടിയ മികച്ചൊരു അസറ്റാണയാൾ. 

നേതൃത്വം പരിഗണിക്കപ്പെടേണ്ട പേരുകളിൽ പ്രഥമ പേരുകാരൻ. ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുക, അർഹിക്കുന്ന പദവി ഉടൻ തേടിയെത്തും. ഉറപ്പാണത്'. -  ഇർഷാദ് ലാവണ്ടർ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

AA Rahim faces criticism following a viral post by digital content creator Irshad Lavender. The post compares Rahim's visit to Yehlanka with Shibu Meeran's, highlighting differences in their handling of the situation and communication skills.