പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ ജമ്മു കശ്മീരിലെ നിരവധി ആരാധനാലായങ്ങൾ തകർന്നിട്ടുണ്ട്. അഖ്നൂർ സെക്റ്ററിലെ എൻ.എസ് പുര എന്ന ഗ്രാമത്തിലും മനോരമ ന്യൂസ് സംഘം കണ്ടു അങ്ങനെ ഒരു ആരാധനാലയം. പക്ഷേ അതിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു.
നൂറ്റാണ്ടിലേറെയായി പീർ ബാബ എന്നറിയപ്പെടുന്ന ദർഗയും കുലദേവതയും നാഗ പ്രതിഷ്ഠകളും ഇവിടെയിങ്ങനെ ഒരുമിച്ച് നിൽക്കാൻ തുടങ്ങിയിട്ട്. പ്രദേശത്ത് താമസിക്കുന്നത് ഹിന്ദു വിഭാഗത്തിൽ പെട്ടവരാണ്. കുലദേവത പ്രതിഷ്ഠയ്ക്കൊപ്പം ദർഗയും ഇവർ പരിപാലിക്കുന്നു. അഥവാ ദർഗയും അവരുടെ വിശ്വാസത്തിന്‍റെ ഭാഗമാണ്.
നാലുനാൾ മുൻപ് പാക്കിസ്ഥാനിൽ നിന്നു വന്ന ഒരു ഷെല്ലാണ് ഈ ദർഗയെ തകർത്തത്. ഇത് പുനർനിർമിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇവർക്കില്ല. എങ്കിലും പ്രാർഥന തുടരും.