ഇന്ത്യ– പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഹൈദരാബാദില്‍ കറാച്ചി ബേക്കറിക്ക് നേരെ ആക്രമണം. പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഷംഷാബാദിലെ കറാച്ചി ബേക്കറിയുടെ ശാഖയാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ശനിയാഴ്ച ഉച്ചയോടെ പാക്ക് വിരുദ്ധ മുദ്രാവാക്യവുമായി എത്തിയ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ബേക്കറിയുടെ നെയിംബോര്‍ഡ് തകര്‍ന്നു.
ഇന്ത്യ–പാക്ക് സംഘര്‍ഷത്തിന്‍റെ ഭാഗമായി ഇതാദ്യമായല്ല കറാച്ചി ബേക്കറിക്കെതിരെ ആക്രമണം നടക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ബേക്കറിയുടെ ഔട്ട്‌ലെറ്റിലും സമാനമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇന്ത്യ–പാക്ക് സംഘര്‍ഷം രൂക്ഷമായ കഴിഞ്ഞാഴ്ച ബന്‍ജാരഹില്‍സിലെ ബ്രാഞ്ചില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക കെട്ടിയിരുന്നു.
പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് കറാച്ചി ബേക്കറി എന്ന പേര് ലഭിച്ചതെങ്കിലും വിഭജന സമയത്ത് ഹൈദരാബാദിലേക്ക് കുടിയേറിയവരുടെ പിൻഗാമികളായ ഇന്ത്യൻ കുടുംബമാണ് ബേക്കറിയുടെ ഉടമസ്ഥര്‍. 1953 ൽ ഹൈദരാബാദിലെ മൊസംജാഹി മാർക്കറ്റിലാണ് കറാച്ചി ബേക്കറി ആരംഭിക്കുന്നത്. ഇന്ത്യന്‍ സംരംഭമാണെന്നും പാക്കിസ്ഥാന്‍ ബ്രാന്‍ഡല്ലെന്നും മാനേജ്മെന്‍റ് വിശദീകരിച്ചു.
'ഇന്ത്യന്‍ ബ്രാന്‍ഡ് എന്നതില്‍ അഭിമാനിക്കുന്നവരാണ്. 1953 ൽ ഇന്ത്യയിലെ ഹൈദരാബാദിൽ സ്ഥാപിതമായ 100 ശതമാനം ഇന്ത്യൻ ബ്രാൻഡാണ് കറാച്ചി ബേക്കറി. ബേക്കറിയുടെ പേര് ഞങ്ങളുടെ ദേശീയതയുടെ ഭാഗമല്ല, ചരിത്രത്തിന്റെ ഭാഗമാണ്. ദയവായി ഞങ്ങളെ പിന്തുണയ്ക്കുക' എന്നാണ് മാനേജ്മെന്‍റ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
കറാച്ചി ബേക്കറിയുടെ പേര് പ്രത്യയശാസ്ത്രപരമല്ലെന്നും വിഭജന കാലഘട്ടത്തിലെ പാരമ്പര്യത്തിലാണ് വേരൂന്നിയതാണെന്നും ബേക്കറി ഉടമകളായ രാജേഷും ഹരീഷ് രാംനാനിയും പറഞ്ഞു.വിഭജനകാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയ ഇവരുടെ മുത്തച്ഛൻ ഖാൻചന്ദ് രാംനാനിയാണ് ബേക്കറിക്ക് അദ്ദേഹത്തിന്‍റെ ജന്മനാടിന്റെ പേരു നല്‍കിയത്. ഒസ്മാനിയ ബിസ്ക്കറ്റിന് പേരുകേട്ട കറാച്ചി ബേക്കറിക്ക് ഹൈദരാബാദില്‍ മാത്രമായി 24 ശാഖകളുണ്ട്. ഡല്‍ഹിയിലും ബെംഗളൂരുവിലും ചെന്നൈയിലും സാന്നിധ്യമുണ്ട്.