എഐ നിര്‍മിത പ്രതീകാത്മക ചിത്രം
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട റീൽസ് കണ്ടതിന് ട്രെയിനില്‍ വച്ച് യുവാവിനെ മര്‍ദിച്ച് യാത്രക്കാര്‍. ഭോപ്പാൽ-ഇൻഡോർ പാസഞ്ചർ ട്രെയിനിൽ വച്ചാണ് 23 വയസ്സുള്ള യുവാവ് ആക്രമണത്തിനിരയായത്. യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാത്ത രണ്ട് പേർക്കെതിരെ ആര്‍പിഎഫ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി ഷുജാൽപൂരിൽ നിന്നാണ് യുവാവ് ഭോപ്പാൽ-ഇൻഡോർ പാസഞ്ചർ ട്രെയിനിൽ കയറുന്നത്. ട്രെയിന്‍ ദേവാസ് സ്റ്റേഷന്‍ കടന്നതിനു പിന്നാലെ യുവാവ് പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള റീൽസ് മൊബൈൽ ഫോണിൽ കാണുന്നത് രണ്ട് അജ്ഞാതർ എതിർത്തു. പിന്നാലെ തര്‍ക്കമുണ്ടായതായും യുവാക്കള്‍ തന്നെ മര്‍ദിച്ചതായും യുവാവിന്‍റെ പരാതിയില്‍ പറയുന്നു. ഇൻഡോറിലെ ചന്ദൻ നഗർ പ്രദേശത്ത് നിന്നുള്ളവരാണ് തങ്ങളെന്ന് യുവാക്കള്‍ പറഞ്ഞതായും പരാതിയിലുണ്ട്.
സംഭവത്തില്‍ പരാതിക്കാരനായ യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും സംഭവത്തിന്‍റെ വിഡിയോ, സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.