പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ കണ്ണില്‍ നിന്ന് ആ ഭീകരദൃശ്യങ്ങള്‍ ഇപ്പോഴും മായുന്നില്ല. ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിക്കപ്പെടുന്ന നാട്ടിലെ ഏറ്റവും ശാന്തസുന്ദരമായൊരിടത്ത് ഉല്ലസിച്ചിരിക്കുമ്പോഴാണ് എങ്ങുനിന്നെന്നില്ലാതെ ഭീകരര്‍ ആ സന്തോഷമത്രയും തല്ലിക്കെടുത്താനെത്തിയത്. ക്ലോസ് റേഞ്ചില്‍ നിന്ന് വെടിയുതിര്‍ത്ത ഭീകരരുടെ മുഖഭാവങ്ങളാണ് രക്ഷപെട്ടവരുടെ മനസില്‍ ഒഴിയാതെ നില്‍ക്കുന്നത്. ഗുജറാത്ത് സ്വദേശിയായ ശീതള്‍ബെനും ആ ഭീകരനിമിഷങ്ങളെ കുറിച്ചാണ് പറയുന്നത്. 'ഭീകരന്‍മാരിലൊരാള്‍ ഞങ്ങള്‍ക്കരികിലേക്ക് വന്നു. ഹിന്ദുവാണെന്ന് മനസിലാക്കിയതിന് പിന്നാലെ ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്തു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും കുഞ്ഞുമക്കളുടെ മുന്നില്‍ വച്ച് വെടിവച്ചിട്ടു. പിന്നെ ഉറക്കെ അട്ടഹസിക്കാന്‍ തുടങ്ങി. എന്‍റെ ഭര്‍ത്താവ് മരിച്ചുവെന്ന് ഉറപ്പിച്ച ശേഷമാണ് അയാള്‍ അടുത്ത് നിന്ന് മാറിയത്'- ശീതളിന് നടുക്കം ഒഴിയുന്നില്ല.
പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ശൈലേഷ് കലത്തിയയുടെ ഭാര്യയാണ് ശീതള്‍. കുട്ടികള്‍ക്ക് അവധി ആയതിനാല്‍ ശൈലേഷിന്‍റെ പിറന്നാള്‍ ഇക്കുറി കശ്മീരില്‍ ആഘോഷിക്കാമെന്ന് കുടുംബം കരുതിയെന്നും പിറന്നാളിന് ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ഭീകരര്‍ ജീവനെടുത്തതെന്നും ശീതള്‍ കൂട്ടിച്ചേര്‍ത്തു. വെടിയൊച്ച കേട്ടതും ആളുകള്‍ പരക്കം പാഞ്ഞു. ഒളിച്ചിരുന്ന സ്ഥലത്തേക്ക് രണ്ട് തീവ്രവാദികള്‍ എത്തിയെന്നും ശൈലേഷിന്‍റെ മകന്‍ നക്ഷ് പറയുന്നു. വിനോദസഞ്ചാരികളിലെ പുരുഷന്‍മാരെ കൂട്ടി നിര്‍ത്തിയ ശേഷം കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടു. ചൊല്ലിയവര്‍ മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞ് മറ്റുള്ളവരെയെല്ലാം വെടിവച്ചിട്ടുവെന്ന് നക്ഷ് കൂട്ടിച്ചേര്‍ക്കുന്നു.
ആക്രമണം ഉണ്ടായ സമയത്ത് തങ്ങള്‍ നിന്ന സ്ഥലത്ത് മുപ്പതോളം വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നുവെന്നും തന്നെയും ഭീകരന്‍ കൊല്ലുമെന്ന് പേടിച്ചുവെന്നും നക്ഷ് ഭയത്തോടെ വിവരിക്കുന്നു. ശൈലേഷ് ഉള്‍പ്പടെ മൂന്ന് ഗുജറാത്തികളാണ് പഹല്‍ഗാമില്‍ കൊല്ലപ്പെട്ടത്. ഭാവ്നഗര്‍ സ്വദേശിയായ യതീഷ് പാര്‍മറും മകന്‍ സ്മിതുമാണ് മറ്റുരണ്ടുപേര്‍. എല്ലാവരുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ–പാക്കിസ്ഥാന്‍ ബന്ധം ഉലഞ്ഞ നിലയിലാണ്. എല്ലാ നയതന്ത്രബന്ധങ്ങളും ഇരുരാജ്യങ്ങളും ഏറെക്കുറെ അവസാനിപ്പിച്ചു. സിന്ധുജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിന് മറുപടിയായി ഷിംല കരാറടക്കം എല്ലാ കരാറുകളും പാക്കിസ്ഥാനും റദ്ദാക്കി. ഇന്ത്യയിലുള്ള പാക്കിസ്ഥാനികളോട് രാജ്യം വിടാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. പാക് പൗരന്‍മാര്‍ക്ക് വീസയും അനുവദിക്കില്ല. ഭീകരതയോട് സന്ധി ചെയ്യാനില്ലെന്നും കനത്ത തിരിച്ചടി നല്‍കുമെന്നും മുട്ടുമടക്കില്ലെന്നും ഇന്ത്യ പാക്കിസ്ഥാന് മറുപടി നല്‍കി.