കൊടുംചൂടകറ്റാന്‍ ക്ലാസ് റൂം ചുമരുകളില്‍ ചാണകം തേച്ച പ്രിന്‍സിപ്പലിന് അതേ നാണയത്തില്‍ മറുപടി നല്‍കി വിദ്യാര്‍ഥികള്‍. ഡല്‍ഹി ലക്ഷ്മി ഭായി കോളജ് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സലയാണ് വിദ്യാര്‍ഥികള്‍ക്ക് ചൂടകറ്റാന്‍ ചാണകമാണ് നല്ലതെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ക്ലാസ്റൂം ചുമരില്‍ ചാണകം തേയ്ക്കുന്ന പ്രിന്‍സിപ്പലിന്‍റെ വിഡിയോ വൈറലായത്. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ലക്ഷ്മിഭായ് കോളേജിലെ ക്ലാസ് മുറിയുടെ ഭിത്തിയിൽ കയ്യിൽ വാരിയെടുത്ത ചാണകം തേച്ചുപിടിപ്പിക്കുന്ന ദൃശ്യം പ്രിൻസിപ്പൽ പ്രത്യൂഷ് വത്സല തന്നെയാണ് അധ്യാപകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടത്.
കസേരയ്ക്ക് മുകളില്‍ കയറിനിന്നായിരുന്നു പ്രിന്‍സിപ്പല്‍ ചുമരില്‍ ചാണകം തേച്ചത്. വിഡിയോക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഇത് സുസ്ഥിരമായ ശീതീകരണ സംവിധാനം വികസിപ്പിക്കുന്നതിനായുള്ള ഗവേഷണത്തിന്‍റെയും പഠനത്തിന്‍റെയും ഭാഗമാണെന്നായിരുന്നു പ്രിന്‍സിപ്പലിന്‍റെ മറുപടി. ഇതിനു പിന്നാലെയാണ് പ്രിന്‍സിപ്പലിന്‍റെ മുറിയിലെ ചുമരില്‍ ചാണകമെറിഞ്ഞ് വിദ്യാര്‍ഥികള്‍ തിരിച്ചടിച്ചത്.
ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്‍റ് റോനക് കത്രിയുടെ നേതൃത്വത്തിലായിരുന്നു തിരിച്ചടി. പ്രിന്‍സിപ്പലിന്‍റെ മുറിയിലെ എസി എടുത്തുമാറ്റണമെന്നും പരമ്പരാഗത കൂളിങ് മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ അനുമതി പോലും ചോദിക്കാതെയാണ് അവര്‍ ഇരിക്കുന്ന മുറികളില്‍ ചാണകം തേച്ചത്, റിസര്‍ച്ച് സ്വന്തം വീട്ടില്‍ നടത്തിയാല്‍ മതിയെന്നും കത്രി പറയുന്നു.