youth-interview-latestnews

AI Image

ഇന്ത്യന്‍ കമ്പനികളില്‍ പല കാരണങ്ങള്‍ കൊണ്ട് ശനിയാഴ്ചകളിലും ജോലി ചെയ്യേണ്ടി വരാറുണ്ട്. ആരും അതൊരു പ്രശ്നമായി കാണാറുമില്ല. എന്നാല്‍ അതില്‍ നിന്ന് അല്പം മാറി ചിന്തിക്കുന്നവരാണ് ഇന്നത്തെ ജെന്‍ സി തലമുറയെന്ന് പറയേണ്ടി വരും. ശനിയാഴ്ചകളില്‍ ഒന്നും ജോലി ചെയ്യാന്‍ ജെന്‍ സികള്‍ തയാറല്ലെന്ന് സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ പറയുകയാണ് ഡല്‍ഹിയിലെ ഒരു സ്റ്റാര്‍ട്ടപ്പ് സ്ഥാപകനായ അഭിഷേക് അഗർവാൾ.

25 കാരനായ ഒരു യുവാവിനെ കുറിച്ചുള്ളതാണ് കുറിപ്പ്. ഇന്‍റര്‍വ്യൂവിനെത്തിയ സമയത്ത് ശനിയാഴ്ചകളില്‍ ജോലി ചെയ്യാന്‍ തയാറല്ലെന്ന് യുവാവ് തന്നെ അറിയിച്ചെന്നും, ഈ ഒരു പ്രായത്തില്‍ ഇങ്ങനെ പറയുന്നത് നിങ്ങളുടെ മടിയല്ലേ കാണിക്കുന്നത് എന്ന് താന്‍ തിരിച്ചു ചോദിച്ചെന്നും അഭിഷേക് അഗർവാൾ പറയുന്നു. എന്നാല്‍ യുവാവിന്‍റെ മറുപടി കേട്ട് താന്‍ അമ്പരന്നു പോയെന്നും അഭിഷേക് പോസ്റ്റില്‍ കുറിക്കുന്നു. 

യുവാവ് പറഞ്ഞതിങ്ങനെ, എനിക്ക് ഓഫിസിന് പുറത്തും ഒരു ജീവിതമുണ്ട്. എല്ലാ ശനിയാഴ്ചയും താന്‍ ക്രിക്കറ്റ് കളിക്കാന്‍‍ പോകും, കൂടാതെ ഗിറ്റാര്‍ പഠിക്കുന്നുണ്ട്, ബാക്കി കിട്ടുന്ന സമയം വീട്ടുകാര്‍ക്കൊപ്പം ചെലവഴിക്കണം.  എന്നാല്‍ ഞായറാഴ്ചകളില്‍ ഇതെല്ലാം ചെയ്യാമല്ലോയെന്ന് ചോദിച്ച അഭിഷേകിന് അതിനും ഉടനടി കിടിലന്‍ മറുപടി ലഭിച്ചു. യുവാവിന്‍റെ മൂത്ത ചേട്ടന്‍ അമേരിക്കയിലാണ് ജോലി ചെയ്യുന്നതെന്നും  അവര്‍ 5 ദിവസം മാത്രമാണ് ജോലി ചെയ്യുന്നത്. അവരാണ് ഏറ്റവും വികസിതമായ രാജ്യം. പിന്നെ എന്തുകൊണ്ട് നമുക്കും അങ്ങനെയായി കൂടാ എന്നുമാണ് യുവാവിന്‍റെ മറുപടി ലഭിച്ചത്. 

യുവാവിന്‍റെ മറുപടി തനിക്ക് ഇഷ്ടപ്പെട്ടുവെന്നും എല്ലാം വ്യക്തതയോടെ തുറന്നുപറഞ്ഞ യുവാവിനെ തന്നെ സെലക്ട് ചെയ്തുവെന്നും പറഞ്ഞ അഭിഷേക് തുടർച്ചയായ രണ്ട് ക്വാർട്ടറുകളിലും കമ്പനിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ആ യുവാവായിരുന്നു എന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. നിരവധിയാളുകളാണ് പോസ്റ്റിന് കമന്‍റുമായെത്തുന്നത്. ശനിയാഴ്ചകളില്‍ ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകളും സങ്കടങ്ങളും പങ്കുവയ്ക്കുന്നവരും കുറവല്ല.

ENGLISH SUMMARY:

A Delhi startup founder shared the story of a 25-year-old job applicant who refused to work on Saturdays, saying he values life outside the office, including cricket, guitar lessons, and family time. Impressed by the honesty and confidence, the founder hired him, and the employee later became the company's top performer for two consecutive quarters. The post has since gone viral, sparking discussions on work-life balance and Gen Z's approach to work.