വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെ വലിയ സംഘര്‍ഷമാണ് ഉണ്ടായത്. ഏപ്രില്‍ 11-12 തീയതികളിലായി മുര്‍ഷിദാബാദ് ജില്ലയിലെ സംസർഗഞ്ച്, ധൂലിയൻ, സുതി, ജംഗിപൂർ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളില്‍ മൂന്ന് മരണവും നൂറോളം പേര്‍ക്ക് വീടും നഷ്ടമായി. വീടും വരുമാന മാര്‍ഗവും അക്രമിക്കപ്പെട്ടതോടെ പ്രദേശത്തു നിന്നും സമീപ ജില്ലയായ മാള്‍ട്ടയിലേക്ക് വലിയതോതില്‍ പലായനം ഉണ്ടായി.
വീടും വീട്ടിലെ വസ്തുക്കളും തീയിട്ട് നശിപ്പിച്ചതായി ക്യാംപിലെ അഭയാര്‍ഥികള്‍ പറഞ്ഞു. 'ശനിയാഴ്ചയാണ് ക്യംപിലെത്തിയത്. വീട്ടിലുള്ളതെല്ലാം തീയിട്ടു നശിപ്പിക്കപ്പെട്ടു' പര്‍ ലാല്‍പൂരിലെ ക്യാംപിലുള്ള ലാല്‍ചന്ദ് മണ്ഡല്‍ എഎന്‍ഐയോട് പറഞ്ഞു. 'ഒരു അഭയത്തിനാണ് ഞങ്ങളിവിടെ വന്നത്. വീണ്ടും സംഘര്‍ഷമുണ്ടായാല്‍ എങ്ങനെ തിരികെ വീട്ടിലേക്ക് പോകും. ഞങ്ങള്‍ക്ക് സമാധാനം വേണം. സര്‍ക്കാറിനോട് സമാധാനം തിരികെ കൊണ്ടുവരാന്‍ അഭ്യര്‍ഥിക്കുകയാണ്' എന്നും ലാല്‍ചന്ദ് പറഞ്ഞു.
കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് രൂപ മണ്ഡലിന്‍റെ വീട്ടിലേക്ക് ആക്രമികളെത്തിയത്. 'ഞങ്ങളുടെ വീട് മുഴുവൻ കത്തിച്ചു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ചിലർ അകത്ത് കയറി ആക്രമിക്കാനും കൊള്ളയടിക്കാനും തുടങ്ങി. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ദുരിതാശ്വാസ ക്യാംപിലേക്ക് എത്തിച്ചത്. വീടിന് നഷ്ടപരിഹാരം വേണം' രൂപ പറഞ്ഞു.
സംഘര്‍ഷത്തില്‍ വലിയ നഷ്ടമുണ്ടായതിന്‍റെ കഥയാണ് കച്ചവടക്കാരുടേത്. തന്‍റെ കെട്ടിടവും കടയും പൂര്‍ണമായും കൊള്ളയടിക്കപ്പെട്ടതായി ഒരു കടയുടമ പറഞ്ഞു. 'കെട്ടിടം പൂര്‍ണമായും തകര്‍ത്തു. അതിന് മുന്നിലൊരു കടയുണ്ട്. അതിന്‍റെ ഷട്ടറും തകര്‍ത്തു. ബാങ്കിലടയ്ക്കേണ്ടയിരുന്ന 13.50 ലക്ഷം രൂപ പണമായി ഉണ്ടായിരുന്നു. ഈ പണം നഷ്ടമായി. ഫര്‍ണിച്ചറും ഉപകരണങ്ങളും അടക്കം 7-8 ലക്ഷം രൂപയുടെ വസ്തുക്കളും നശിപ്പിച്ചു. മൊത്തം 20-25 വലക്ഷത്തിന്‍റെ നഷ്ടം വരും'.
മേഖലയില്‍ സംഘര്‍ഷ ഭീതി നിലനില്‍ക്കുന്നുണ്ടെന്നാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇസസ് അഹമ്മദിന്‍റെ അമ്മാവന്‍ ഹൈദര്‍ അലി പറഞ്ഞത്. ഈ മേഖലയിൽ ഇപ്പോഴും സംഘർഷ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന്: 'യുവാക്കളെ പ്രേരിപ്പിക്കുന്ന സംഘമുണ്ട്. വീണ്ടും അക്രമമുണ്ടായേക്കാം അവർക്ക് രാഷ്ട്രീയ നേട്ടമുണ്ട്. പക്ഷേ നമ്മുടെ ബന്ധുക്കളുടെ രക്തം കൊണ്ട് നമ്മൾ വില നൽകേണ്ടിവരും. ഇന്ന് ഇസാസായിരുന്നു. അടുത്തതായി ആരെയാണ് നഷ്ടപ്പെടുത്തേണ്ടതെന്ന് എനിക്കറിയില്ല' എന്നായിരുന്നു ഹൈദര്‍ അലിയുടെ വാക്കുകള്‍.
മേഖലയില്‍ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും വിന്യസിച്ചതോടെ സംഘര്‍ഷത്തിന് അയവുവന്നിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംസര്‍ഗഞ്ചില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ സാധാരണ നിലയിലാണ്. കടകള്‍ തുറക്കാനാണ് അധികാരികള്‍ പറയുന്നത് എന്ന് കച്ചവടക്കാരനായ ഹബീബ് ഉള്‍ റഹ്മാന്‍ പറഞ്ഞു.