AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
ഹരിയാനയിലെ ഗുഡ്ഗാവ് ബസായി എന്‍ക്ലേവില്‍ ഭാര്യയെ കാമുകനൊപ്പം ഭര്‍ത്താവ് പിടികൂടിയതിന് പിന്നാലെ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പിന്നാലെ ഭര്‍ത്താവിന് ഭാര്യയുടേയും കാമുകന്‍റേയും ഭീഷണി ‘നിന്നെയും മീററ്റിലെപ്പോലെ കൊന്നുകളയും’! സംഭവത്തില്‍ ഭര്‍ത്താവിന്‍റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയുടെ കാമുകന്‍ കയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ഭര്‍ത്താവിനെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പ്രദേശവാസികള്‍ കൂടി ഇടപെട്ടതോടെ പൊലീസ് വരുന്നതിന് മുന്‍പ് ഇരുവരും കടന്നുകളഞ്ഞു.
മീററ്റിലെ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍റെ കൊലപാതകം നടന്ന് ഒരു മാസം തികയുന്നതേയുള്ളൂ. ഇതിനിടയില്‍ മീററ്റ് കൊലപാതകം ചൂണ്ടിക്കാട്ടി ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ മീററ്റിലെ കൊലപാതകവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ‘ജീവനില്‍ കൊതിയുള്ളത് കൊണ്ട്’ ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നല്‍കിയ ഭര്‍ത്താവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഹരിയാനയിലെ ഝജ്ജാറിലെ ഖർമാൻ ഗ്രാമത്തിൽ നിന്നുള്ള ക്യാബ് ഡ്രൈവറാണ് യുവതിയുടെ ഭര്‍ത്താവ് മൗസം. വളരെക്കാലം സ്നേഹത്തിലായിരുന്ന ഇരുവരും കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ചാണ് രണ്ട് വര്‍ഷം മുന്‍പ് വിവാഹിതരായത്. അതിനുശേഷം ദമ്പതികൾ ബസായി എൻക്ലേവിലാണ് താമസിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ 6 മണിയോടെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മൗസം വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ മുറിയിൽ കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാമുകനൊപ്പം ഭാര്യയെ ടെറസില്‍ കണ്ടെത്തിയെന്നാണ് മൗസം പറയുന്നത്.
ഇടപെട്ടപ്പോള്‍ ഭാര്യയുടെ കാമുകന്‍ നവീന്‍ കയ്യില്‍ കരുതിയിരുന്ന പിസ്റ്റൾ എടുത്ത് ഭര്‍ത്താവിന്‍റെ തലയ്ക്ക് നേരെ ചൂണ്ടുകയും പിസ്റ്റളിന്റെ പിൻഭാഗം കൊണ്ട് ആക്രമിക്കുകയുമായിരുന്നുവെന്നാണ് മൗസത്തിന്‍റെ പരാതിയില്‍ പറയുന്നത്. അയൽക്കാർ സ്ഥലത്തെത്തിയതോടെ അവർ ഓടി രക്ഷപ്പെട്ടതായും പരാതിയിലുണ്ട്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാര്‍ച്ച് നാലിനാണ് ഭര്‍ത്താവായ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍ സൗരഭ് രജ്പുതിനെ ഭാര്യ മുസ്കാനും കാമുകന്‍ സാഹില്‍ ശുക്ലയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി ഉറക്കിയ ശേഷം കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം 15 കഷണങ്ങളാക്കി വീപ്പയിലിട്ട് സിമിന്‍റ് നിറച്ചു മൂടുകയായിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ചയോളം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയതും പ്രതികളെ കസ്റ്റഡിയിലെടുത്തതും.