image: x.com/Sunny_000S
നവരാത്രി ദിനത്തില്‍ വെജിറ്റബിള്‍ ബിരിയാണി ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖല വഴി ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ചിക്കന്‍ ബിരിയാണി നല്‍കിയ സംഭവത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ചയ്യ ശര്‍മയെന്ന യുവതിയാണ് പരാതിക്കാരി.
വ്രതമെടുത്തിരിക്കുന്ന തനിക്ക് മനപൂര്‍വം ഹോട്ടലുകാര്‍ ചിക്കന്‍ ബിരിയാണി കൊടുത്തയച്ചുവെന്നാണ് യുവതിയുടെ ആരോപണം. ലക്നൗവി കബാബ് പറാത്തയെന്ന റസ്റ്റൊറന്‍റില്‍ നിന്നുമാണ് യുവതി വെജ് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. വിശന്നിരുന്ന താന്‍ ബിരിയാണി കിട്ടിയപാടെ ബിരിയാണി കഴിച്ചുവെന്നും രണ്ടുരുള കഴിച്ച ശേഷമാണ് ഇത് ചിക്കന്‍ ബിരിയാണിയാണെന്ന് തിരിച്ചറിഞ്ഞതെന്നും യുവതി കണ്ണുനീരോടെ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. താന്‍ സസ്യാഹാരം മാത്രം കഴിക്കുന്ന ആളാണെന്നും മനപ്പൂര്‍വം ഹോട്ടലുകാര്‍ തന്നെ ചതിച്ചതാണെന്നും യുവതി ആവര്‍ത്തിക്കുന്നുണ്ട്.
വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ നോയിഡ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഹോട്ടലുടമയായ രാഹുല്‍ രാജ്വംശിയെ അറസ്റ്റ് ചെയ്തുവെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോട്ടലുടമയെ അറസ്റ്റ് ചെയ്ത വിവരം ഗൗതം ബുദ്ധ് നഗര്‍ പൊലീസ് കമ്മിഷണറേറ്റിന്‍റെ എക്സ് ഹാന്‍ഡിലിലും ഉണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നവരാത്രി ദിവസം സംസ്ഥാനത്തെ മല്‍സ്യ–മാസ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ വിലക്കിയിരുന്നു.