വിവാഹം കഴിച്ച പതിനാലുകാരിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ബലമായി വീട്ടിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മാര്‍ച്ച് മൂന്നിനാണ് കര്‍ണാടക കാളികുട്ടൈ സ്വദേശിയായ 29കാരന്‍ മാഥേഷുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്. ഹൊസൂരിനടുത്ത് തിമ്മത്തൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. കുട്ടിയുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. വിവാഹശേഷം പെണ്‍കുട്ടിയെ എടുത്താണ് ഭര്‍ത്താവ് വീട്ടില്‍ കൊണ്ടുപോയത്.
ഇവരുടെ പിന്നാലെ ഒരു പുരുഷനും സ്ത്രീയും പോകുന്നുന്നതും ദൃശ്യത്തിലുണ്ട്. ഭര്‍ത്താവ് കുഞ്ഞിനെയെന്ന പോലെ എടുത്ത് കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടി വാവിട്ട് നിലവിളിക്കുന്നുണ്ടായിരുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാംക്ലാസില്‍ പഠനം നിര്‍ത്തി വീട്ടില്‍ വെറുതേയിരുന്ന കുട്ടിയെയാണ് ഇത്തരത്തില്‍ ഇയാള്‍ വിവാഹം കഴിച്ചത്. പഠനത്തിന് വീട്ടുകാര്‍തന്നെയാണ് വിലക്കേര്‍പ്പെടുത്തിയതും.
ബംഗളൂരുവിലായിരുന്നു വിവാഹച്ചടങ്ങുകള്‍ . അതിനുശേഷം സ്വന്തം വീട്ടിലേക്കെത്തിയ പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം പോവാന്‍ താല്‍പര്യമില്ലെന്ന് മാതാപിതാക്കളേയും ബന്ധുക്കളേയും അറിയിച്ചെങ്കിലും ആരും ഗൗനിച്ചില്ല. മാഥേഷും 38കാരനായ സഹോദരന്‍ മല്ലേഷും ചേര്‍ന്നാണ് കുട്ടിയെ എടുത്തുകൊണ്ടുപോയത്. കുട്ടിയെ ബലമായി കൊണ്ടുപോകുന്നതു കണ്ട നാട്ടുകാരാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. സംഭവത്തില്‍ ദങ്കാനിക്കൊട്ടൈ പൊലീസ് അന്വേഷണം ആരംഭിച്ചു.