പ്രതീകാത്മക ചിത്രം:Meta AI
മുംബൈയിൽ അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്ക് എത്തിച്ച നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് ഒറ്റനിമിഷം കൊണ്ട് അനാഥയായി. രക്തപരിശോധനയിൽ അവൾക്ക് എയ്ഡ്സ് രോഗം സ്ഥിരീകരിച്ചതോടെയാണ് അമ്മ കുഞ്ഞിനെ വേണ്ടെന്നുവച്ചത്. ശിശുക്കൾക്ക് അമ്മയിൽ നിന്നാണ് രോഗം പകരാറുള്ളതെന്നതിനാൽ അമ്മയുടെയും രക്തം പരിശോധിച്ചു. എന്നാൽ അമ്മയ്ക്ക് രോഗം ഇല്ല. തുടർന്ന് വിശദമായി സംസാരിച്ചപ്പോൾ ഡോക്ടർമാർ ഞെട്ടി.
കുഞ്ഞിനെ പ്രസവിച്ചത് ആശുപത്രിയിലെത്തിയ 'അമ്മ' ആയിരുന്നില്ല എന്നതാണ് ആശുപത്രി അധികൃതരെ നടുക്കിയത്. അടുത്തടുത്ത് താമസിക്കുന്ന രണ്ട് സ്ത്രീകൾ അവരുടെ ജീവിതസാഹചര്യങ്ങളുടെ സമ്മർദത്തിൽ നടത്തിയ രഹസ്യഉടമ്പടിയാണ് കുഞ്ഞിന് രോഗം ബാധിച്ചതോടെ പുറത്തായതും പൊളിഞ്ഞതും. അതിന് അവർ തേടിയ വഴികളും അനായാസം നടപ്പാക്കിയ രീതിയും അധികൃതരെ ശരിക്കും അമ്പരപ്പിച്ചു.
കഥ ഇങ്ങനെ: കല്യാൺ സ്വദേശികളായ ഹിന്ദു സ്ത്രീയും മുസ്ലിം സ്ത്രീയും സുഹൃത്തുക്കളായിരുന്നു. ഹിന്ദു സ്ത്രീ ഗർഭിണിയായി. ആറുമാസമായപ്പോൾ തനിക്ക് കുഞ്ഞിനെ വേണ്ടെന്ന് അവർ സുഹൃത്തായ മുസ്ലിം സ്ത്രീയോട് പറഞ്ഞു. ഭർത്താവ് ലഹരിക്കടിമയാണെന്നും കുഞ്ഞിനെ വളർത്താനുള്ള സാഹചര്യമില്ലെന്നുമായിരുന്നു അവരുടെ നിലപാട്. മുസ്ലിം സ്ത്രീ ഈ സമയത്ത് രണ്ടാമത്തെ ഗർഭം അലസിയതിന്റെ സങ്കടത്തിലായിരുന്നു. കുഞ്ഞിനെ പ്രസവിച്ചാൽ താൻ ഏറ്റെടുത്ത് സ്വന്തം കുഞ്ഞായി വളർത്തിക്കൊള്ളാമെന്ന് അവർ സുഹൃത്തിന് ഉറപ്പുനൽകി.
പ്രതീകാത്മക ചിത്രം: Meta AI
എന്നാൽ പ്രസവിച്ചുകഴിഞ്ഞാൽ കുഞ്ഞിനെ നിയമപരമായി ഏറ്റെടുക്കാൻ ഒട്ടേറെ നൂലാമാലകളുണ്ട്. ദത്തെടുക്കൽ പ്രക്രിയ പൂർത്തിയാകാൻ വലിയ കാലതാമസമുണ്ടാകും. കുഞ്ഞിനെ അവർക്കുതന്നെ കിട്ടിക്കൊള്ളണമെന്നുമില്ല. ഇതെല്ലാം ആലോചിച്ചപ്പോഴാണ് ഇരുവരും ചേർന്ന് ഒരു വഴി കണ്ടുപിടിച്ചത്. ഹിന്ദു യുവതി പ്രസവത്തിന് മുസ്ലിം യുവതിയുടെ പേരിൽ ആശുപത്രിൽ അഡ്മിറ്റ് ആകുക! അങ്ങനെ മുസ്ലിം യുവതിയുടെ ആധാർ കാർഡ് കാണിച്ച് ഹിന്ദു യുവതി അഡ്മിറ്റ് ആയി.
2024 ഒക്ടോബറിൽ മുംബൈയിലെ കെ.ഇ.എം ആശുപത്രിയിൽ വ്യാജപ്പേരിൽ ഹിന്ദു യുവതി പെൺകുഞ്ഞിനെ പ്രസവിച്ചു. ഡിസ്ചാർജ് ചെയ്ത് അഞ്ചുദിവസത്തിനുശേഷം മുസ്ലിം യുവതി കുഞ്ഞിനെ ഏറ്റെടുത്തു. സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ജനുവരിയിൽ കുഞ്ഞിനെ കടുത്ത വേദനയെത്തുടർന്ന് വാഡിയ ചിൽഡ്രൻസ് ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർമാർ അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കായി കുഞ്ഞിന്‍റെ രക്തം പരിശോധിച്ചപ്പോൾ അവൾക്ക് എയ്ഡ്സ്!
പ്രതീകാത്മക ചിത്രം: Meta AI
എയ്ഡ്സ് ബാധിച്ച കുഞ്ഞിനെ തനിക്ക് വേണ്ടെന്നായി 'അമ്മ'. നടപടിക്രമം അനുസരിച്ച് ആശുപത്രി അധികൃതർ അമ്മയെയും പരിശോധിച്ചു. എന്നാൽ അമ്മയ്ക്ക് എയ്ഡ്സ് ഇല്ല! ഇതോടെ ആശുപത്രി ജീവനക്കാരോട് അവർ എല്ലാം തുറന്നുപറഞ്ഞു. ആശുപത്രി അധികൃതർ മുംബൈ വനിതാ ശിശുക്ഷേമ വകുപ്പിനുകീഴിലുള്ള 'സഖി' സെന്‍ററില്‍ വിവരമറിയിച്ചു. താനെ ശിശുക്ഷേമസമിതി അധികൃതർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച സ്ത്രീയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ശിശുക്ഷേമസമിതി അറിയിച്ചതനുസരിച്ച് താനെ മൻപാഡ പൊലീസ് സ്റ്റേഷനിൽ സീറോ എഫ്ഐആർ റജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണത്തിനായി കേസ് ഭോയ് വാഡ പൊലീസിന് കൈമാറി. കുഞ്ഞിനെ പ്രസവിച്ച സ്ത്രീയുടെ ഫോൺ നമ്പർ കണ്ടെത്തിയിട്ടുണ്ട്. രണ്ട് സ്ത്രീകൾക്കുമെതിരെ ഭാരതീയ ന്യായ സംഹിത അനുസരിച്ച് ആൾമാറാട്ടവും വഞ്ചനയും കുഞ്ഞിനെ ഉപേക്ഷിക്കലും ഗൂഢാലോചനയും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.