തെലങ്കാന നാഗര്‍കര്‍ണൂലില്‍ ജലസേചന പദ്ധതിയുടെ തുരങ്കം തകര്‍ന്നു കുടിങ്ങികടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. തുരങ്കത്തിന്റെ തകര്‍ന്ന ഭാഗത്തേക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കടക്കാനായില്ല.അര്‍ധരാത്രി അപകടസ്ഥലത്തെത്തിയ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും കല്‍ക്കരി ഖനിത്തൊഴിലാളികളുമടങ്ങുന്ന സംഘം അപകടത്തില്‍പെട്ടവരുടെ അടുത്തേക്ക് എത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂറ്റന്‍ പമ്പുകള്‍ ഉപയോഗിച്ചു ടണലില്‍ നിറഞ്ഞ വെള്ളവും ചെളിയും അടിച്ചു കളയുന്നത് തുടരുകയാണ്.
ശ്രീ ശൈലം അണക്കെട്ടിന്റെ ഭിത്തിയായിട്ടുള്ള ഈ മലതുരന്നാണു തുരങ്കനിര്‍മാണം. ഇന്നലെ രാവിലെ പണികള്‍ തുടങ്ങിയതിനു പിറകെ വന്‍ശബ്ദത്തോടെ വെള്ളവും ചെളിയും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. 12 കിലോമീറ്റര്‍ ഉള്ളിലായി മൂന്നുമീറ്ററിലേറെ ഭാഗങ്ങള്‍ തകര്‍ന്നു. രണ്ട് എന്‍ജിനിയര്‍മാര്‍, നാലുതൊഴിലാളികള്‍, രണ്ടു മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരാണു കുടുങ്ങികിടക്കുന്നത്. ഇവരുള്ള ഭാഗത്തേക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത സൈന്യത്തിനോ ദേശീയ ദുരന്തനിവാരണ സേനയ്ക്കോ എത്താനായിട്ടില്ല.
ഇന്നലെ വൈകി പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഫോണില്‍ വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് സ്വദേശികളാണ് അപകടത്തില്‍പെട്ട എട്ടുപേരും.