മലബാറിലെ വ്യവസായ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ആനക്കാംപൊയില്‍ - മേപ്പാടി തുരങ്കപാത. താമരശേരി ചുരം ഒഴിവാക്കി വയനാട്ടിലേക്ക് വേഗത്തിലെത്താന്‍ വഴിയൊരുങ്ങുന്നതോടെ പാത ടൂറിസം മേഖലയ്ക്കും പുതിയ ഉണര്‍വുണ്ടാക്കും.
ഏതുസമയത്തും താമരശേരി ചുരത്തില്‍ കുടുങ്ങാം. പിന്നെ ഗതാഗതക്കുരുക്ക് അഴിഞ്ഞ് കിട്ടാന്‍ മണിക്കൂറുകളെടുക്കും. ഉരുള്‍പൊട്ടല്‍ കൂടി ഉണ്ടായതോടെ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ വരവ് പിന്നെയും കുറഞ്ഞു. എന്നാല്‍ തുരങ്കപ്പാത വരുന്നതോടെ ഇതിനെല്ലാം മാറ്റം വരുമെന്നാണ് കരുതുന്നത്. അതുവഴി കൂടുതല്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. ഊട്ടി, മൈസുരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപ്പാതയാണ് ആനക്കാംപോയിലിലേത്. അതുകൊണ്ടുതന്നെ പാതയും ടൂറിസം സ്പോട്ടായി മാറും. തുരങ്കപാതയിലൂടെ ചരക്ക് നീക്കം സുഗമമാകുന്നതോടെ വ്യവസായ ഇടനാഴിയായും തുരങ്കപാത മാറും.സുഗന്ധവ്യഞ്ജനങ്ങള്‍ പഴങ്ങള്‍ പച്ചക്കറികള്‍ തുടങ്ങിയവയുടെ നീക്കവും എളുപ്പമാകും.