Image: x.com/pasham_deepika
ഹൈദരാബാദില്‍ ലിഫ്റ്റിനും ചുറ്റുമതിലിനും ഇടയില്‍ കുടങ്ങി ചികില്‍സയിലായിരുന്നു ആറുവയസുകാരന്‍ മരിച്ചു. ശനിയാഴ്ച രാവിലെയാണ് ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് മരണം സംഭവിക്കുന്നത്. വെള്ളിയാഴ്ചയാണ് മസാബ് ടാങ്കിലെ അപ്പാർട്ട്മെന്റിൽ ലിഫ്റ്റിനും ലിഫ്റ്റ് ഷാഫ്റ്റിന്റെ മതിലിനും ഇടയിൽ കുടുങ്ങിയ കുട്ടിയെ ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ എത്തിക്കുന്നത്.
ലിഫ്റ്റിന്റെ മെക്കാനിക്കൽ തകരാറാണ് ദുരന്ത കാരണമെന്നാണ് പൊലീസ് കരുതുന്നത്. മുത്തച്ഛനോടൊപ്പം ലിഫ്റ്റിൽ കയറവേയാണ് അപകടമുണ്ടായത്. ആറുവയസുകാരന്‍ അര്‍നവ് ലിഫ്റ്റില്‍ കയറാന്‍ തുടങ്ങിയപ്പോളാക്കും മുന്നറിയിപ്പില്ലാതെ ലിഫ്റ്റ് നീങ്ങുകയായിരുന്നു. തുടര്‍ന്ന് അർനവിന്റെ കാലുകൾ ലിഫ്റ്റിന്‍റെ വാതില്‍ ഫ്രെയിമില്‍ കുടങ്ങുകയും ശരീരത്തിന്‍റെ മുകൾഭാഗം ലിഫ്റ്റിനൊപ്പം മുകളിലോട്ട് നീങ്ങുകയുമായിരുന്നു.
അർനവിന്റെ നിലവിളി കേട്ട സമീപത്തെ താമസക്കാരാണ് ആദ്യം ഓടിയെത്തിയത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ്, ഫയർഫോഴ്സ്, ഡിആർഎഫ് ടീമുകൾ ഉൾപ്പെടെയുള്ളയുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ലിഫ്റ്റ് ഗ്രില്ലുകൾ മുറിച്ച് കുട്ടിക്ക് ഓക്സിജൻ നല്‍കിയെങ്കിലും, അര്‍നവിനെ പുറത്തെടുത്തപ്പോളേക്കും ഓക്സിജന്‍റെ അഭാവം മൂലം ബോധം നഷ്ടപ്പെട്ടിരുന്നു. രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുന്നത്.
രാത്രി മുഴുവൻ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയത്. എങ്കിലും പരിശ്രമങ്ങളെ വിഫലമാക്കി ശനിയാഴ്ച രാവിലെ മരിച്ചു. കുട്ടിയുടെ ശരീരത്തിലെ അസ്ഥികള്‍ ഒടിഞ്ഞ നിലയിലായിരുന്നു. കുട്ടിയുടെ വൃക്കകളും കരളും ഉൾപ്പെടെ അവയവങ്ങൾക്കും ഗുരുതരമായി കേടുപാടുകൾ സംഭവിച്ചിരുന്നു. കടുത്ത ശ്വാസതടസവും നേരിട്ടിരുന്നു.