തമിഴ്നാട്ടിലെ ജോളാര്‍പേട്ടയില്‍ ബലാല്‍സംഗം ചെറുത്ത ഗര്‍ഭിണിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊല്ലാന്‍ ശ്രമം. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു യുവതിക്കുനേരെ ആക്രമണമുണ്ടായത്. ബലാത്സംഗ ശ്രമത്തിനിടെ യുവതി നിലവിളിച്ചതോടെയാണ് ഓടുന്ന വണ്ടിയില്‍ നിന്നും തള്ളിവീഴ്ത്തിയത്. ഗുരുതരമായ പരുക്കേറ്റ ഇവര്‍ ചികിത്സയിലാണ്. തിരുപ്പത്തൂര്‍ ജില്ലയിലെ ജോളാര്‍പേട്ടയില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് സംഭവം.
ശുചിമുറിയിലേക്ക് പോവാനായി എഴുന്നേറ്റ ഗര്‍ഭിണിയെ രണ്ടുപേര്‍ പിന്തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നാലുമാസം ഗര്‍ഭിണിയായിരുന്നു യുവതി. ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങിയതോടെ ഇരുവരും യുവതിയെ പിടിച്ച് ട്രെയിനിനു പുറത്തേക്കുതള്ളി. കോയമ്പത്തൂരിലെ ടെക്സ്റ്റൈല്‍ കമ്പനിയിലെ ജോലിക്കാരിയാണ് യുവതി. തലയിലും കയ്യിലും കാലിലും ഗുരുതരമായി പരുക്കേറ്റ യുവതി വെല്ലൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജോളാര്‍പേട്ടാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഹേമരാജ് എന്നുപേരുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. സംഭവം ഡിഎംകെ സര്‍ക്കാരിനു വലിയ ക്ഷീണമായി മാറിയ സാഹചര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാനാവാത്ത അവസ്ഥയായെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി വിമര്‍ശിച്ചു.