മിശ്രവിവാഹത്തിന് നോട്ടീസ് നല്‍കിയവരുടെ വ്യക്തിഗത വിവരങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍. ഉത്തരാഖണ്ഡിലെ ഉദ്ധം സിങ് നഗറിലെ സബ് ജില്ലാ മജിസ്ട്രേറ്റ് ഓഫീസില്‍ നല്‍കിയ നോട്ടീസിന്‍റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുഹമ്മദ് ഷാനു (22) വും ആകാന്‍ഷാ കാന്താരി(23)യുമാണ് വിവാഹത്തിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി ജനുവരി ഏഴിന് നോട്ടീസ് നല്‍കിയത്.
നോട്ടീസ് നല്‍കി അഞ്ച് ദിവസത്തിന് ശേഷമാണ് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടതെന്ന് ഷാനു പറഞ്ഞു. അപേക്ഷയില്‍ ആദ്യ പേജിലുള്ള വ്യക്തിഗത വിവരങ്ങളുടെ ചിത്രം 'ലൗ ജിഹാദ്' എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. വിവിധ വലതു സംഘടകളുടെ ഭീഷണിയെ തുടര്‍ന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഡിസംബർ 16 മുതല്‍ ഇരുവര്‍ക്കും പൊലീസ് സംരക്ഷണം നല്‍കിയിരുന്നു.
വിവാഹത്തെ കാന്താരിയുടെ അമ്മയും 'മറ്റ് സംഘടനകളും' ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ചാണ് ഇരുവരും ഹൈകോടതിയിലെത്തിയത്. ബസ്പൂര്‍ പൊലീസിനോട് ആറാഴ്ചത്തേക്ക് സംരക്ഷണം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. കോടതി സംരക്ഷണം ഉറപ്പാക്കിയിട്ടും വലതുപക്ഷ സംഘടനകളുടെ ഭീഷണി നേരിടുകയാണെന്ന് ഇരുവരും പറഞ്ഞു.
കാന്താരിയുടെ അമ്മയും ബജ്‍രംഗ് ദള്‍ പ്രവര്‍ത്തകരും വിവാഹത്തെ എതിര്‍ത്ത് സബ് ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെത്തിയിരുന്നതായും ഇവര്‍ ആരോപിക്കുന്നു. ലൗ ജിഹാദ് പ്രകാരം ഷാനു, മകളെ പ്രലോഭിപ്പിച്ച് തെറ്റിധരിപ്പിക്കുകയായിരുന്നുവെന്നും പരാതി പരിഹരിക്കും വരെ മകളെ തന്നോടൊപ്പം വിടണമെന്നും കാന്താരിയുടെ അമ്മ റീന വേദി പറഞ്ഞു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് കാന്താര ഓഫീസില്‍ എത്തി വ്യക്തമാക്കിയതാണെന്ന് ഷാനു പറയുന്നു.
2018 ല്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും 2022 ലാണ് നേരില്‍ കാണുന്നത്. 'വിവാഹം കഴിക്കാന്‍ തീരുമാനിച്ച സമയത്ത് ആകാന്‍ഷയുടെ അമ്മയെയും സഹോദരനെയും പോയി കണ്ടിരുന്നു. ആദ്യം കുടുബം അത്ര സന്തോഷത്തിലായിരുന്നില്ല. പിന്നീട് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനായി. പിന്നീട് ബജ്‍രംഗ് ദള്‍ പ്രവര്‍ത്തകര്‍ വിഷയത്തിലിടപെട്ട് അമ്മയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു' ഷാനു പറഞ്ഞു.