image: Facebook
10 കോടി രൂപ നല്‍കിയാണ് കിന്നര്‍ അഖാഡയിലെ സന്യാസ ദീക്ഷ സ്വീകരിച്ചതെന്ന വാദങ്ങള്‍ നിഷേധിച്ച് മുന്‍ ബോളിവുഡ് താരം മംമ്ത കുല്‍ക്കര്‍ണി. 10 കോടി പോയിട്ട് ഒരു കോടി രൂപ തികച്ചെടുക്കാന്‍ തന്‍റെ പക്കലില്ലെന്നും തന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും അവര്‍ വിശദീകരിച്ചു. രണ്ട് ലക്ഷം രൂപ കടം വാങ്ങിയാണ് ഗുരുവിന് ദക്ഷിണ സമര്‍പ്പിച്ചതെന്നും മംമ്ത പറയുന്നു.
മൂന്ന് അപാര്‍ട്മെന്‍റുകള്‍ ഉണ്ടെങ്കിലും എല്ലാം ശോചനീയമായ അവസ്ഥയിലും ചിതലരിച്ച നിലയിലുമാണെന്നും കഴിഞ്ഞ 23 വര്‍ഷമായി അത് തുറക്കാന്‍ പോലും പോയിട്ടില്ലെന്നും അവര്‍ പറയുന്നു. പ്രശസ്തിക്കായി ഒരു സിബിഐ ഉദ്യോഗസ്ഥന്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും പിന്നീട് അയാളെ പുറത്താക്കിയതായി അറിയാന്‍ കഴിഞ്ഞുവെന്നും മംമ്ത അവകാശപ്പെടുന്നു. സന്യാസ ജീവിതത്തെയും വേദ പഠനങ്ങളെയും കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ മന്ത്രങ്ങള്‍ ഉറക്കെ ചൊല്ലിയായിരുന്നു മംമ്തയുടെ പ്രതികരണം.
മംമ്തയെയും ഗുരു ലക്ഷ്മി നാരായണ്‍ ത്രിപാഠിയെയും കിന്നര്‍ അഖാഡ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലവും രാജ്യദ്രോഹക്കുറ്റ പശ്ചാത്തലവുമുള്ള ഒരാള്‍ക്ക് ദീക്ഷ നല്‍കാനാവില്ലെന്ന് മറ്റ് സന്യാസിമാരില്‍ ചിലര്‍ വിയോജിപ്പ് അറിയിച്ചതോടെയാണ് ഇരുവരെയും പുറത്താക്കിയത്.
മഹാകുംഭമേളയ്ക്കിടെയാണ് താന്‍ സന്യാസം സ്വീകരിക്കുകയാണെന്നും ഇനി മുതല്‍ 'മാ മംമ്ത നന്ദഗിരി എന്നപേരിലാകും അറിയപ്പെടുകയെന്നും അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 90 കളില്‍ ബോളിവുഡിനെ ഇളക്കിമറിച്ച താരമാണ് മമത കുല്‍ക്കര്‍ണി. ഗ്ലാമര്‍ വേഷങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ താരം റിയല്‍ ലൈഫില്‍ കാഷായവേഷത്തിലേക്ക് മാറിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.