പുതുവർഷ ആഘോഷത്തിനിടെയുണ്ടായ ട്രാഫിക് നിയമലംഘനങ്ങളിൽ മുംബൈ ട്രാഫിക് പൊലീസ് ഈടാക്കിയ 89.19 ലക്ഷം രൂപ പിഴ. ചൊവ്വാഴ്ച രാത്രി മുതൽ പുതുവർഷ രാവിലെ വരെ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമ ലംഘകർ കുടുങ്ങിയത്. മദ്യപിച്ച് വാഹനമോടിച്ചതിനും, ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിനും സിഗ്നലുകൾ വെട്ടിച്ചുള്ള യാത്രയ്ക്കുമാണ് കേസുകളിൽ ഏറെയും. 17,800 ട്രാഫിക് നിയമലംഘനങ്ങളിൽ നിന്നാണ് ഇത്രയും തുക പിഴ ഈടാക്കിയത്.
വൺവേ റോഡുകളിൽ അനധികൃത യാത്ര, അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമൊടിക്കൽ, മൊബൈൽ ഫോൺ ഉപയോഗം എന്നിവയ്ക്കും പൊലീസ് പിടികൂടിയിട്ടുണ്ട്. ഗതാഗത തടസമുണ്ടാക്കിയതിന് 2,893 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഹെൽമറ്റില്ലാതെയുള്ള യാത്രയ്ക്ക് 1,923 കേസുകളും രജിസ്റ്റർ ചെയ്തു. ട്രാഫിക് സിഗ്നൽ പാലിക്കാതെയുള്ള യാത്രയുടെ പേരിൽ 1,731 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇ-ചെലാൻ വഴി 89,19,750 രൂപയാണ് ട്രാഫിക് പൊലീസ് ഖജനാവിലെത്തിച്ചത്.
ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ബാന്ദ്ര, ജുഹു ചൗപ്പട്ടി എന്നിങ്ങനെ മുംബൈയിലെ പ്രധാന സ്ഥലങ്ങളിൽ പുതുവത്സരം ആഘോഷം നടന്നിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കനത്ത പൊലീസ് സുരക്ഷയുണ്ടായിരുന്നു.