Bollywood actor Akshay Kumar poses during the launch of his Force IX's first flagship store in Mumbai on April 26, 2023. (Photo by SUJIT JAISWAL / AFP)

File Photo: AFP

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്‍റെ പതിമൂന്നുകാരി മകളോട് നഗ്നചിത്രം ആവശ്യപ്പെട്ട സംഭവത്തില്‍ ഗെയിമര്‍ പിടിയില്‍. കഴിഞ്ഞ ഒക്ടോബറിലാണ് ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്​ഫോമില്‍ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മുംബൈ പൊലീസ് ആസ്ഥാനത്ത് നടന്ന 'സൈബര്‍ അവയര്‍നെസ് മന്‍ത്' ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അക്ഷയ് ഇക്കാര്യം പറഞ്ഞത്. ഓണ്‍ലൈന്‍ ഗെയിമിനിടെ ഒപ്പം കളിച്ച ഗെയിമര്‍ മകളോട് നഗ്നചിത്രം അയയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു അക്ഷയ് തുറന്ന് പറഞ്ഞത്. മകളുടെ കാര്യം അക്ഷയ് പ്രസംഗത്തില്‍ പറഞ്ഞു പോയതാണെങ്കിലും സൈബര്‍ സെല്‍ അന്വേഷണം ആരംഭിക്കുകയും പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുന്‍പും ഇയാള്‍ കുട്ടികളോട് ഓണ്‍ലൈനില്‍ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളതായും  പൊലീസ് കണ്ടെത്തി. 

അക്ഷയ് കുമാറിന്‍റെ വാക്കുകള്‍ ഇങ്ങനെ: 'എന്‍റെ മകള്‍ വിഡിയോ ഗെയിം കളിക്കുകയായിരുന്നു. രണ്ടോ അതിലധികമോ ആളുകളുമായി ചേര്‍ന്ന്  കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളെ കുറിച്ച് നിങ്ങള്‍ക്കും അറിയാമല്ല. തീര്‍ത്തും അപരിചിതനാകും അങ്ങേത്തലയ്ക്കല്‍. തീര്‍ത്തും ഔപചാരികമായ സന്ദേശങ്ങളാകും ഇതില്‍ കൈമാറുക. അത് നന്ദി പറച്ചിലോ, അഭിനന്ദനമോ ആകാം. അങ്ങനെ മകള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അങ്ങേത്തലയ്ക്കല്‍ ഉള്ള വ്യക്തി അവളോട് ഏതാണ് സ്ഥലമെന്നും സ്ത്രീയാണോ പുരുഷനാണോ എന്നും ചോദിച്ചത്.

മുംബൈയിലാണെന്നും സ്ത്രീയാണെന്നും പറഞ്ഞതോടെ അപരിചിതന്‍ നഗ്നചിത്രം ആവശ്യപ്പെട്ടു. ഭയന്നു പോയ മകള്‍ ഗെയിം അവസാനിപ്പിച്ച് അമ്മയോട് വിവരം പറഞ്ഞു. അവള്‍ക്കത് വലിയ ഷോക്കിങായിരുന്നു. ഇതും സൈബര്‍ കുറ്റകൃത്യമാണ്. സാമ്പത്തിക തട്ടിപ്പുകളും ഓണ്‍ലൈനില്‍ യഥേഷ്ടം നടക്കുന്നുണ്ട്. ഡിജിറ്റല്‍ ലോകവുമായി കുട്ടികള്‍ കൂടുതല്‍ ആശയവിനിമയം നടത്തുന്നതിനാല്‍ ഇക്കാര്യങ്ങളില്‍ ബോധവല്‍ക്കരണം വേണം' എന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു. 

ENGLISH SUMMARY:

Mumbai Police have arrested a gamer for demanding nude photos from Bollywood superstar Akshay Kumar’s 13-year-old daughter. The incident occurred on an online gaming platform where the suspect befriended the minor before making explicit demands. Akshay Kumar shared this harrowing experience during a Cyber Awareness Month event to highlight the risks children face online. Investigations revealed that the accused had a history of targeting minors across various gaming platforms.