ഗുജറാത്തിലെ കച്ചില്‍ ഭൂചലനം. രാവിലെ 10.24ഓടെയാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പമാപിനിയില്‍ 3.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഭച്ചുവിന് വടക് കിഴക്കായി 23 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
കഴിഞ്ഞ മാസം നാല് തവണയാണ് 3 ല്‍ കൂടുതല്‍ തീവ്രതയേറിയ ഭൂചലനം ഈ പ്രദേശത്ത് അനുഭവപ്പെട്ടത്. മൂന്ന് ദിവസം മുന്‍പായിരുന്നു ഒടുവിലായി ഭൂചലനം ഉണ്ടായത്. ഡിസംബര്‍ 23ന് 3.7 ഉം ഡിസംബര്‍ ഏഴിന് 3.2 ഉം തീവ്രതയേറിയ ചലനങ്ങളും അനുഭവപ്പെട്ടു. കഴിഞ്ഞ നവംബറില്‍ തീവ്രതയേറിയ ഭൂചലനം കച്ചില്‍ അനുഭവപ്പെട്ടിരുന്നു.
ഭൂമിശാസ്ത്രപരമായി തന്നെ ഭൂചലന സാധ്യതയേറിയ പ്രദേശമാണ് ഗുജറാത്ത്. കഴിഞ്ഞ 200 വര്‍ഷങ്ങള്‍ക്കിടെ ഒന്‍പത് വലിയ ഭൂചലനങ്ങള്‍ ഗുജറാത്തിലുണ്ടായെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2001 ജനുവരി 26ന് കച്ചിലുണ്ടായ ഭൂചലനം സംസ്ഥാന ചരിത്രത്തിലെ മൂന്നാമത്തെ വലിയ ഭൂചലനമായിരുന്നു. രണ്ട് നൂറ്റാണ്ടിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും തീവ്രതയേറിയ ഭൂചലനവും കച്ചിലേതായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 13,800ലേറെപ്പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. 1.67 ലക്ഷം പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ലക്ഷങ്ങള്‍ക്ക് ജീവിതോപാധികളും വീടുകളും നഷ്ടപ്പെടുകയും ചെയ്തു.