പ്രമുഖ പരിസ്ഥിതി പ്രവർത്തകന്‍ സോനം വാങ്ചുക്കിനെയും അനുയായികളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം ശക്തം. ലഡാക്കില്‍ വിവിധ സംഘടനകള്‍ ബന്ദിന് ആഹ്വനം ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് ഡല്‍ഹിയിലേക്ക് പദയാത്ര നടത്തിയതിനാണ് സോനം വാങ്ചുക്കിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്.
ലഡാക്കിന് സംസ്ഥാന പദവിയടക്കം ആവശ്യപ്പെട്ട് ദില്ലി ചലോ എന്ന പദയാത്ര സെപ്റ്റംബർ ഒന്നിന് ലേയില്‍നിന്നാണ് സോനം വാങ്ചുക്കും സംഘവും ആരംഭിച്ചത്. നാളെ ഗാന്ധി ജയന്തി ദിനത്തിൽ രാജ്ഘട്ടിൽ സമാപിക്കാനിരിക്കെയാണ് ഡൽഹി ഹരിയാന അതിർത്തിയായ സിംഗുവിൽനിന്ന് സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത്. നൂറുകണക്കിന് വരുന്ന പൊലീസ്, കാരണം ബോധിപ്പിക്കാതെ പദയാത്രികരെ കസ്റ്റഡിയിലെടുത്തെന്ന് സോനം വാങ്ചുക്.
Also Read: ഗാന്ധിജിക്കു പകരം നടന്‍ അനുപം ഖേര്‍; ഒന്നരക്കോടിയുടെ കള്ളനോട്ട് നല്‍കി 2കിലോ സ്വര്‍ണം തട്ടി
കസ്റ്റഡിയില്‍ പ്രതിഷേധിച്ച് ലഡാക്കില്‍ ലേ അപക്സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും പ്രഖ്യാപിച്ച ബന്ദ് പൂര്‍ണമാണ്. കസ്റ്റഡി ജനാധിപത്യ വിരുദ്ധമെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
ലഡാക്കിന്‍റെ ശബ്ദം മോദി കേള്‍ക്കണമെന്ന് രാഹുല്‍ ഗാന്ധിയും ഗാന്ധിജിയുടെ ആദര്‍ശങ്ങളെ സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി കൊലപ്പെടുത്തിയെന്ന് കെ.സി.വേണുഗോപാലും വിമര്‍ശിച്ചു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഡൽഹി അതിർത്തികളിലും ന്യൂഡൽഹി, നോർത്ത് ഡൽഹി, സെൻട്രൽ ഡൽഹി ജില്ലകളിലും ഇന്നലെ മുതൽ ഈമാസം അഞ്ചാംതീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.