സോനം വാങ്ചുക്കിനെ മോചിപ്പിക്കാൻ നിയമവഴി തേടുമെന്ന് ഭാര്യ ഗീതാഞ്ജലി അംഗ് മോ. ലഡാക്കിലെ വിവിധ സംഘടനകളും കേന്ദ്രസർക്കാരുമായി നാളെ പ്രാഥമിക ചർച്ച നടത്തും. സങ്കീർണമായ ഭൂപ്രദേത്തെ പ്രശ്നപരിഹാരം ഉടൻ ഉണ്ടാകണമെന്ന് പീപ്പിൾ ഫോർ ഹിമാലയ എന്ന സംഘടന അഭ്യർഥിച്ചു.
ലഡാക്ക് പ്രക്ഷോഭങ്ങൾക്ക് പിന്നാലെ അറസ്റ്റിലായ സോനം വാങ്ചുക്കിനെക്കുറിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി ഒരു വിവരവുമില്ലെന്ന് ഭാര്യ ഗീതാഞ്ജലി അംഗ് മോ. ലഡാക്ക് ജനതയ്ക്ക് വേണ്ടി പ്രതിഷേധിച്ചതോടെ നാല് വർഷം മുൻപാണ് കേന്ദ്രസർക്കാർ സോനം വാങ്ചുക്കിനെ വേട്ടയാടാൻ തുടങ്ങിയതെന്നും സാമൂഹ്യപ്രവർത്തക കൂടിയായ ഗീതാഞ്ജലി അംഗ് മോ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.
നാളെ കേന്ദ്രസർക്കാരുമായി പ്രാഥമിക ചർച്ച നടത്തുമെന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്ന സംഘടനയുടെ പ്രതിനിധി സജ്ജാദ് കാർഗിൽ പറഞ്ഞു. സോനം വാങ്ചുക്കിന് പാക് ബന്ധമില്ല. അക്രമങ്ങൾ എങ്ങനെയുണ്ടായെന്ന് കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും കാർഗിൽ ഡെമോക്രാറ്റിക് അലയൻസ്.
ലഡാക്കിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഫെഡറൽ സംവിധാനം വെല്ലുവിളിക്കപ്പെടുന്നുവെന്നും പീപ്പിൾ ഫോർ ഹിമാലയ എന്ന സംഘടനയുടെ പ്രാതിനിധികൾ പറഞ്ഞു. രാജസ്ഥാനിലെ ജോധ്പുരിലെ ജയിലിൽ പാർപ്പിച്ചിരിക്കുന്ന സോനം വാങ്ചുക്കിനെതിരെ ദേശസുരക്ഷാ നിയമമാണ് ചുമത്തിയിരിക്കുന്നത്.