Image Credit/X/@TheSachinView
ആന്ധ്രാപ്രദേശില്‍ എസ്യുവി–ബൈക്ക് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ രണ്ട് എസ്യുവി വന്നിടിക്കുന്നതും ബൈക്ക് യാത്രികന് വായുവിലേക്ക് ഉയര്‍ന്ന് റോഡിലേക്ക് മറിഞ്ഞുവീഴുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. ഇത്രയും വലിയ വീഴ്ച സംഭവിച്ചിട്ടും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടതോടെ ദൃശ്യങ്ങള്‍ കണ്ടവര്‍ക്കും ആശ്വാസം.
Also Read: ഡിഎംകെ–ബിജെപി സഖ്യം വീണ്ടും? 'മണ്ഡല പുനഃക്രമീകരണ'ത്തില്‍ നിര്‍ണായക നീക്കം; ആരോപണവുമായി ടിവികെ
അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ രംഗംപേട്ട മണ്ഡലിലെ പെദരായവാരത്തിനു അടുത്താണ് അപകടമുണ്ടായത്. എഡിബി റോഡിലൂടെ പോവുകയായിരുന്ന നവീനാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ തെറ്റായ ദിശയിലൂടെ സഞ്ചരിച്ച നവീന്റെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് വ്യക്തമാകുന്നത്.
തെറ്റായ രീതിയില്‍ ജംക്ഷനിലേക്ക് കയറിയ ബൈക്കില്‍ ആദ്യം ഒരു വെള്ള എസ്യുവി ഇടിച്ചു. പിന്നാലെ മറ്റൊരു എസ്യുവി കൂടിയെത്തുന്നതും ബൈക്കില്‍ ഇടിച്ചുതെറിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ച്ചയായ ഇടിയുടെ ആഘാതത്തില്‍ നവീന്‍ തെറിച്ചു മുകളിലേക്ക് ഉയരുന്നതും മലക്കംമറിഞ്ഞ് റോഡിലേക്ക് വീഴുന്നതും വിഡിയോയിലുണ്ട്.
ഇത്രയും ശക്തമായ ഇടി കിട്ടിയിട്ടും നവീന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടെന്നാണ് വിവരം. അപകടത്തിനു പിന്നാലെ കൂളായി എഴുന്നേറ്റ് ചുറ്റുമൊന്ന് നോക്കിയ ശേഷം ബൈക്ക് എടുത്തു പോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായും സൂചനയുണ്ട്. സമീപത്തെ പെട്രോള്‍പമ്പിലെ സിസിടിവിയിലാണ് അപകടദൃശ്യങ്ങള്‍ പതിഞ്ഞത്. നെഞ്ചിടിപ്പോടെ മാത്രം കണ്ടുതീര്‍ക്കാവുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.