Image Credit: X/matthewvandyke

Image Credit: X/matthewvandyke

  • നെഞ്ചില്‍ ശക്തമായ ഇടി കൊണ്ടുവെന്നും അടിയന്തര ചികില്‍സ വേണ്ട നേരത്ത് പോലും 24 മണിക്കൂര്‍ വൈകിയാണ് ചികില്‍സ ലഭിച്ചതെന്നും വാന്‍ഡെക്

തിഹാര്‍ ജയിലില്‍ നേരിട്ടത് ക്രൂരപീഡനമെന്ന് മ്യാന്‍മര്‍ ഭീകരബന്ധം സംശയിക്കുന്ന ഗൂഢാലോചനാക്കേസില്‍ അറസ്റ്റിലാവുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത യുഎസ് പൗരന്‍ മാത്യു വാന്‍ഡെക്.  ആറുമാസത്തെ തിഹാറിലെ വാസത്തിനിടെ നിരന്തരം ഉപദ്രവവും മര്‍ദനവും നേരിട്ടുവെന്നും സ്വന്തം കൈപ്പടയിലെഴുതിയ സത്യവാങ്മൂലത്തില്‍ വാന്‍ഡെക് പറയുന്നു. നെഞ്ചില്‍ ശക്തമായ ഇടി കൊണ്ടുവെന്നും അടിയന്തര ചികില്‍സ വേണ്ട നേരത്ത് പോലും 24 മണിക്കൂര്‍ വൈകിയാണ് ചികില്‍സ ലഭിച്ചതെന്നും വാന്‍ഡെക് ആരോപിച്ചു. അമേരിക്കന്‍ എംബസിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ എഴുതിയിട്ടുള്ളത്. തിങ്കളാഴ്ച വാന്‍ഡെക് സമൂഹമാധ്യമമായ എക്സിലിട്ട പോസ്റ്റിനെ തുടര്‍ന്നാണ് വിഷയം സജീവ ചര്‍ച്ചയായത്. 

'എന്നെയും ചില യുക്രെയ്ന്‍കാരെയും ഇന്ത്യ ആറുമാസത്തോളം പിടിച്ച് ജയിലില്‍ ഇട്ടു. റഷ്യ–യുക്രെയ്ന്‍ യുദ്ധത്തിന്‍റെ ഭാഗം തന്നെയാണിതെന്നാണ് ഞാന്‍ കരുതുന്നത്. വരും മാസങ്ങളില്‍ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ ഞാന്‍ അഭിമുഖങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നടത്തും' – വാന്‍ഡെക് കുറിച്ചു.

എന്‍ഐഎ തയാറാക്കിയ കുറ്റപത്രത്തെ കുറിച്ച് തനിക്ക് കടുത്ത ആക്ഷേപമുണ്ടെന്നും ദേഷ്യവും അമര്‍ഷവും ഉണ്ടെന്നും എംബസിക്കയച്ച സത്യവാങ്മൂലത്തില്‍ വാന്‍ഡെക് എഴുതുന്നു. താന്‍ കസ്റ്റഡിയില്‍ നേരിട്ട പീഡനങ്ങള്‍ കോടതിയിലും മാധ്യമങ്ങള്‍ക്ക് മുന്നിലും പറയുമെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. നെഞ്ചിലും കൈകളിലും പൊലീസ് ബാറ്റണിന് അടിയേറ്റുവെന്നും വാന്‍ഡെക് വെളിപ്പെടുത്തി. 

മാര്‍ച്ചിലാണ് വാന്‍ഡെകിനെയും ആറ് യുക്രെയ്ന്‍ പൗരന്‍മാരെയും എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെത്തിയ ഇവര്‍ മിസോറാം വഴി മ്യാന്‍മറിലേക്ക് മതിയായ രേഖകളില്ലാതെ കടക്കുകയായിരുന്നു. കൊല്‍ക്കത്ത, ഡല്‍ഹി,ലക്നൗ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തിന് മ്യാന്‍മറിലെ സായുധ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന സംശയവും ദേശീയ അന്വേഷണ ഏജന്‍സി പ്രകടിപ്പിച്ചിരുന്നു. 

ഏപ്രിലില്‍ യുഎപിഎയും ഇമിഗ്രേഷന്‍ ആന്റ് ഫോറിനേഴ്സ് ആക്ട് 2025 ഉം അനുസരിച്ച് ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ സപ്ലിമെന്‍ററി കുറ്റപത്രം കൂടി സമര്‍പ്പിക്കുമെന്നും എന്‍ഐഎ വ്യക്തമാക്കി. എന്‍ഐഎ ആദ്യം തയാറാക്കിയ കുറ്റപത്രം അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടി വാന്‍ഡെകിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബറില്‍ ഇയാള്‍ ഡല്‍ഹിയിലെ കോടതിയിലെത്തി ഹാജരായി മടങ്ങി. 2027 ഫെബ്രുവരി 24 വരെ യുഎസില്‍ കഴിയാനുള്ള അനുമതിയാണ് നിലവില്‍ വാന്‍ഡെകിനുള്ളത്. യുക്രെയ്ന്‍ പൗരന്‍മാരെയും സ്വദേശത്തേക്ക് മടങ്ങാന്‍ അനുവദിച്ചിരുന്നു. 

ENGLISH SUMMARY:

US citizen Matthew VanDyke, arrested in an alleged conspiracy case involving suspected links to armed groups in Myanmar, has accused authorities of torturing him during his six-month stay at Delhi's Tihar Jail. In an affidavit submitted to the US Embassy, he alleged that he was repeatedly assaulted, punched in the chest and beaten with police batons, while emergency medical treatment was delayed by 24 hours. VanDyke and six Ukrainian nationals were arrested by the National Investigation Agency (NIA) in March over allegations that they entered Myanmar through Mizoram without valid documents and had suspected links to armed groups.