രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും മുന്‍പ് തനിക്കും രാജീവ് ഗാന്ധിക്കും പിറന്ന ആദ്യ കുഞ്ഞിന്‍റെ മരണത്തെക്കുറിച്ചും അതിന്‍റെ ദുഃഖത്തെക്കുറിച്ചും സോണിയ ഗാന്ധി ആത്മകഥയില്‍ പരാമര്‍ശിച്ച ഭാഗം വാര്‍ത്തയാകുന്നു. കുഞ്ഞിന്‍റെ മരണത്തിന് പിന്നാലെ താനും രാജീവ് ഗാന്ധിയും അനുഭവിച്ച വേദനയും കുഞ്ഞിന്‍റെ സംസ്കാര ചടങ്ങുകളും അന്ന് പത്രങ്ങളില്‍ ക്രൂരമായി എഴുതപ്പെട്ട റിപ്പോര്‍ട്ടുകളും തന്നെ ഇന്നും വേട്ടയാടുന്നുണ്ടെന്ന് സോണിയ കുറിച്ച ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്. സോണിയയുടെ ആത്മകഥയായ ‘Belonging: A Journey of Love’ ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഇതിലാണ് 1969ല്‍ തനിക്ക് പിറന്ന ആദ്യത്തെ കുട്ടിയെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാസം തികയാതെ പിറന്ന ആണ്‍കുഞ്ഞ് ജനനത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത കേട്ടത് മുതല്‍ രാജീവ് ഗാന്ധിയും ഭര്‍തൃമാതാവ് ഇന്ദിരാ ഗാന്ധിയും ഏറെ സന്തോഷത്തിലായിരുന്നെന്ന് സോണിയ കുറിക്കുന്നു. തന്‍റെ സന്തോഷം കത്തിലൂടെ ഇന്ദിരാഗാന്ധി വിദേശത്തുള്ള ഒരു സുഹൃത്തിനെ അറിയിച്ചതിനേക്കുറിച്ചും മുത്തശ്ശിയാകുന്നതിനേക്കുറിച്ച് ഇന്ദിരാഗാന്ധി വാചാലയായതിനെക്കുറിച്ചും സോണിയ ആത്മകഥയില്‍ ഓര്‍ത്തെടുക്കുന്നു.
വാര്‍ത്ത കേട്ട ഉടനെ തന്നെ ഇന്ദിരാഗാന്ധി തന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചെന്നും തന്നോട് ‘വലിയ കുഞ്ഞിന് ചെറിയ കുഞ്ഞുണ്ടാകാന്‍ പോകുന്നെന്ന്’ പറഞ്ഞെന്നും സോണിയ ഓര്‍ക്കുന്നു. പിന്നീട് താന്‍ കുഞ്ഞുങ്ങളെപ്പോലെയാണോ പെരുമാറുന്നതെന്ന് രാജീവ് ഗാന്ധിയോട് ചോദിച്ചതായും സോണിയ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അമ്മ സ്നേഹത്തോടെ പറഞ്ഞതാണെന്ന് രാജീവ് തനിക്ക് ഉറപ്പ് നല്‍കിയെന്ന് സോണിയ കൂട്ടിച്ചേര്‍ത്തു.
കുഞ്ഞ് ജനിക്കുന്നതിന് ഏറെ മുന്‍പ് തന്നെ ഇന്ദിരാഗാന്ധി തനിക്ക് കൃത്യമായ ഡയറ്റ് ഉണ്ടാക്കിയിരുന്നെന്നും വ്യായാമം ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നെന്നും കുഞ്ഞിനായി ഏറ്റവും മൃദുലമായ തുണി കൊണ്ട് നാപ്പി ഉണ്ടാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നെന്നും സോണിയ പറയുന്നു. ഇതുകൂടാതെ കുഞ്ഞിനിടാന്‍ പേരുകളും ഇന്ദിര തിരഞ്ഞിരുന്നു.
ദിവസവും രണ്ട് ഗ്ലാസ് പാലും ആഴ്ചയില്‍ മൂന്ന് ദിവസം ചീരയും കഴിച്ചിരുന്നു. ചീര കഴിക്കാന്‍ താനേറെ ബുദ്ധിമുട്ടിയെന്നും തനിക്ക് ഇറ്റാലിയന്‍ ഭക്ഷണം മിസ് ചെയ്തെന്നും സോണിയ കുറിക്കുന്നു. ഇന്ത്യന്‍ ചെറിയും ഞാവല്‍ പഴവും ശീതളപാനീയമായ ഫാന്‍റയുമായിരുന്നു ഗര്‍ഭകാലത്തെ തന്‍റെ ഇഷ്ടഭക്ഷണങ്ങളെന്ന് സോണിയ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഏഴാം മാസം തനിക്ക് അസഹ്യമായ ഉദരവേദന വന്നെന്നും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നെന്നും സോണിയ പറയുന്നു. തുടര്‍ന്ന് ജനുവരി 18 1969ല്‍ മാസം തികയാതെ ഒരാണ്‍കുഞ്ഞിന് സോണിയ ജന്‍മം നല്‍കി. കറുത്ത കട്ടിയുള്ള മുടിയും നീളന്‍ വിരലുകളുമുള്ള ഒരു കുഞ്ഞായിരുന്നു പിറന്നതെന്ന് സോണിയ പറയുന്നു. എന്നാല്‍ കുഞ്ഞ് അതിജീവിക്കാന്‍ സാധ്യത കുറവാണെന്നും രാജീവ് തന്നോട് പറഞ്ഞെന്ന് സോണിയ പറയുന്നു. പുലര്‍ച്ചെ ആറരയോടെ കുഞ്ഞ് മരിച്ചു.
താന്‍ പൊട്ടിക്കരഞ്ഞെന്നും രാജീവ് കരച്ചിലൊടുക്കിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും വിതുമ്പിയെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ തന്‍റെ തിരക്കുകളെല്ലാം ഉപേക്ഷിച്ച് ഇന്ദിരാഗാന്ധി എത്തിയെന്നും ചുവന്ന കണ്ണുകളുമായി ഏറെ നേരം തന്‍റെ അടുത്തിരുന്നെന്നും സോണിയ ഓര്‍ത്തെടുത്തു. എന്നാല്‍ തിരക്കുകള്‍ കാരണം മടങ്ങേണ്ടി വന്നു.
കുഞ്ഞിന്‍റെ മരണത്തെക്കുറിച്ചും പത്രത്തില്‍ കുഞ്ഞിനക്കുറിച്ച് അശ്ലീലമായ രീതിയില്‍ വന്ന വാര്‍ത്തയെക്കുറിച്ചും സോണിയ വികാരാധീനയായി കുറിച്ചിട്ടുണ്ട്.