Image from the video
ദീപാവലിക്ക് ബോണസായി തന്റെ ജീവനക്കാര്‍ക്കെല്ലാം ഒരു ലക്ഷം രൂപ സമ്മാനം നല്‍കുന്ന മുതലാളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കൈനിറയെ പണം കിട്ടിയ ജീവനക്കാരുടെ കണ്ണും മനസും നിറഞ്ഞു. സൂറത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയായ രാംസ്വരൂപ് മുണ്ടെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമാണ്. ജീവനക്കാരെ ചുറ്റും നിര്‍ത്തി അദ്ദേഹം പറയുന്ന വാക്കുകള്‍ക്കും സൈബര്‍ലോകം കയ്യടിക്കുകയാണ്.
Also read: 'സാറെ സഹായിക്കണം, പിടിച്ചുപറിയാണ്'; ആരെയും അറിയിക്കാതെ കോട്ടയത്തേക്ക് സാംബശിവ റാവുവിന്റെ യാത്ര
തന്റെ ഇരുപതോളം വരുന്ന വനിതാ ജീവനക്കാര്‍ക്കും ഒരു ലക്ഷം രൂപ നല്‍കിയതിനു പുറമേ മറ്റ് സമ്മാനങ്ങളും രാംസ്വരൂപ് നല്‍കുന്നുണ്ട്. സമ്മാനങ്ങള്‍ വാങ്ങിയ ശേഷം കണ്ണീരണിയുന്ന ജീവനക്കാരേയും വിഡിയോയില്‍ കാണാം. തന്റെ വീട്ടില്‍മാത്രം ദീപാവലി ആഘോഷിച്ചാല്‍ പോരല്ലോ അവരുടെ വീട്ടിലും ആഘോഷിക്കണ്ടേ എന്നാണ് രാംസ്വരൂപ് ചോദിക്കുന്നത്. ഇത് വെറുമൊരു പബ്ല്ലിസിറ്റിക്കോ പ്രകടനത്തിനോ ചെയ്യുന്നതല്ല, ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നവരുടെ കഠിനാധ്വാനത്തിന്റെ വില തനിക്ക് നന്നായറിയാമെന്ന് രാംസ്വരൂപ് പറയുന്നു.
തന്റെ കൈവശം സമ്പത്തിന്റെ വലിയ ശേഖരമുണ്ടായിട്ടല്ല ഇത് ചെയ്യുന്നതെന്നും ദീപാവലിയുടെ സന്തോഷം തന്റെ ജീവനക്കാരിലും നിറഞ്ഞു നില്‍ക്കണമെന്നും ഇദ്ദേഹം വിഡിയോയില്‍ വ്യക്തമാക്കുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ തനിക്കൊപ്പം അക്ഷീണം പ്രയത്നിക്കുന്നവരാണ് തന്റെ ജീവനക്കാര്‍. തന്റെ വിജയത്തിനും നേട്ടത്തിനും കാരണം ഇവരാണ്, ആ കടപ്പാട് എനിക്ക് ജീവനക്കാരോടുണ്ട്, എല്ലാവരും അവരവര്‍ക്ക് വേണ്ടി അധ്വാനിക്കുകയും ജീവിക്കുകയും ചെയ്യുമ്പോള്‍ അവരെയെല്ലാം ഒപ്പം കൂട്ടിക്കൊണ്ട് മുന്നോട്ട് പോകുന്നതിലാണ് തന്റെ സന്തോഷമെന്നും രാംസ്വരൂപ് പറയുന്നു.
കഴിഞ്ഞ വര്‍ഷത്തില്‍ ധന്തേരാസ് ദിനത്തിലും അദ്ദേഹം ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ജാട്ട് സമുദായത്തില്‍ നിന്നുള്ള വ്യാപാരിയായ രാംസ്വരൂപിന്റെ വിഡിയോ പലരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് പൂര്‍ണമനസോടെ സമ്മാനങ്ങള്‍ നല്‍കുന്ന വിഡിയോ ഇന്ത്യയിലുടനീളം ചര്‍ച്ചയാവുകയാണെന്നാണ് സൈബറിടം പറയുന്നത്.