നടി നവ്യാ നായർ ഈ അടുത്ത് ആരംഭിച്ച വസ്ത്ര ബ്രാൻഡാണ് 'എർത്ത് ബൈ നവ്യ'. ഫാഷനും പരമ്പരാഗത കൈത്തറി ശൈലികൾക്കും പ്രാധാന്യം എന്ന ആശയം മുന്നോട്ടു വച്ചാണ് നവ്യ ഈ ബ്രാൻഡിന് തുടക്കമിട്ടത്. നവ്യ തന്നെയാണ് ബ്രാൻഡിന്റെ പ്രധാന മോഡലും. ബ്രാൻഡിലെ വസ്ത്രങ്ങൾ പരിചയപ്പെടുത്തുന്നതിനിടെ, ഇഷ്ട്ടമുണ്ടായിട്ടും തനിക്ക് ധരിക്കാൻ പറ്റാത്തവയെക്കുറിച്ച് നവ്യ പറയുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഒരു സ്ലീവ്ലെസ് ഡീപ് ആം ഹോൾ ബ്ലൗസ് പരിചയപ്പെടുത്തുന്ന വിഡിയോയിലാണ് നവ്യ മനസ് തുറന്നത്. 'ഇത് എനിക്ക് ഭയങ്കര ഇഷ്ട്ടമുള്ള ഒരു ബ്ലൗസാണ്. ഒരു ദിവസം ഇത് ഇട്ട് നോക്കിയിട്ട് അച്ഛനേയും അമ്മയേയും കാണിച്ചു. എന്നാൽ കയ്യുടെ ഭാഗമൊക്കെ കണ്ടു കഴിഞ്ഞപ്പോൾ അവർ പറഞ്ഞു, ഇടേണ്ട കയ്യിൽ തന്നെ വെച്ചോളാൻ. പക്ഷേ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. എല്ലാവരും പറഞ്ഞു, നന്നായിട്ടുണ്ട് പക്ഷേ ഇടണ്ടാന്ന്'. ഇതൊന്നും പ്രശ്നമില്ലാത്ത, ഫാഷനബിൾ ആയ ആളുകൾ ഇതൊക്കെ വാങ്ങി ഇടണമെന്നും നവ്യ പറയുന്നു.
നവ്യയുടെ ഈ അഭിപ്രായത്തെ ചോദ്യം ചെയ്യുന്നവരെ വിഡിയോയുടെ കമന്റ് ബോക്സിൽ കാണാം. 'വളരെ കഴിവുള്ള നടിയും സാമ്പത്തികമായി സ്വതന്ത്രയായ ഒരു സ്ത്രീയുമാണ്. തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് മറ്റാരുടെയെങ്കിലും അനുവാദം ചോദിക്കുന്നത് അവസാനിപ്പിക്കാനുള്ള ധൈര്യം താങ്കൾക്ക് ഉണ്ടാകട്ടെ' എന്നാണ് ഒരു കമന്റ്. എല്ലാവരെയും ഇഷ്ടപ്പെടുത്തി നിന്നാൽ നമുക്ക് ഇഷ്ടമുള്ളത് നഷ്ടമാവും എന്ന് മനസിലാക്കി ഈ ബ്ലൗസിട്ടുള്ള വിഡിയോ ഉടൻ പ്രതീക്ഷിക്കുന്നവെന്ന് ആശംസിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.
അഭിനയത്തിനും നൃത്തത്തിനും പുറമെയാണ് വസ്ത്ര വ്യാപാര മേഖലയിലേക്കും നവ്യ ചുവടുവെച്ചിരിക്കുന്നത്. മുൻപ്, താൻ ഉപയോഗിച്ച വസ്ത്രങ്ങൾ സെക്കന്റ് ഹാൻഡ് വിലയ്ക്ക് വിൽപ്പനയ്ക്ക് വച്ച് നവ്യ നായർ വാർത്താപ്രാധാന്യം നേടിയിരുന്നു. അത്തരത്തിൽ വസ്ത്രങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ട് അഗതിമന്ദിരങ്ങളിലേക്ക് ആവശ്യമുള്ള സാധനങ്ങള് വാങ്ങി നല്കിയതും ചർച്ചയായിരുന്നു.