trump-iran-moks

TOPICS COVERED

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഏറ്റ വൻ തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ രൂക്ഷ പരിഹാസവുമായി ഇറാൻ. ഇന്ത്യയിലെ ഇറാൻ എംബസി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ആക്ഷേപഹാസ്യ വിഡിയോയാണ് ഇപ്പോൾ സൈബറിടത്ത് ചർച്ചയാകുന്നത്.   

ട്രംപിനെ അദ്ദേഹത്തിന്‍റെ തന്നെ അനുകൂലികളായ ചിലർ ചേർന്ന് 'ഹാസാർഡസ് വേസ്റ്റ്' (അപകടകരമായ മാലിന്യം) എന്ന് എഴുതിയ ഒരു ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. 'യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്' എന്ന അടിക്കുറിപ്പോടെയാണ് ഇറാൻ എംബസിയുടെ ഔദ്യോഗിക എക്സ് പേജ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ മികച്ച മുന്നേറ്റം നടത്തുകയും കോൺഗ്രസിന്‍റെ  ഇരുസഭകളുടെയും നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രവചനങ്ങളെപ്പോലും മറികടന്ന് റിപ്പബ്ലിക്കന്‍ കോട്ടകളില്‍ നീലത്തിരമാലയടിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ ഡെമോക്രാറ്റുകള്‍ ലീഡ് നേടി.

435 അംഗ ജനപ്രതിനിധിസഭയില്‍ 218 എന്ന കേവലഭൂരിപക്ഷത്തിനും മുകളിലാണ് ഡെമോക്രാറ്റുകളുടെ ലീഡ്. 100 അംഗ സെനറ്റിലും 51 എന്ന കേവലഭൂരിപക്ഷത്തിന്‍റെ ലീഡ് മറികടന്നു.

അതേസമയം, ബാലറ്റില്‍ താനില്ലാതിരുന്നതാണ് തോല്‍വിക്ക് കാരണമെന്നു പറഞ്ഞ ട്രംപ്, ഇറാനും വിലക്കയറ്റവും തിരിച്ചടിക്ക് കാരണമായെന്ന് പ്രതികരിച്ചു. വീറ്റോ ഭീഷണി  ആവര്‍ത്തിച്ച ട്രംപ് പിന്നീട് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. ഭിന്നിപ്പിക്കുന്നവരെയല്ല ഒരുമിപ്പിക്കുന്നവരാണ് വേണ്ടതെന്ന സന്ദേശമാണ് യുഎസ് ജനം നല്‍കിയതെന്ന് മുന്‍ പ്രസിഡന്റും ഡെമോക്രാറ്റ് നേതാവുമായി ബറാക് ഒബാമ പ്രതികരിച്ചു. കൂടുതല്‍ ആഘാതങ്ങള്‍ തടയാനാണ് ഇനി ശ്രമിക്കേണ്ടതെന്നും ഒബാമ പറഞ്ഞു.

അമേരിക്കൻ വോട്ടർമാർ യുദ്ധത്തെയും സൈനിക സംഘർഷങ്ങളെയും തള്ളിക്കളഞ്ഞതിന്റെ സന്ദേശമാണ് ഈ ഫലമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഗാലിബാഫും പ്രതികരിച്ചിരുന്നു.

ENGLISH SUMMARY:

Following severe setbacks for the Republican Party in the US midterm elections, the Iranian Embassy in India released a satirical video ridiculing President Donald Trump. The viral video depicts supporters carrying Trump and tossing him into a bin marked "Hazardous Waste" under the caption "The U.S. midterm elections". In response to the election outcomes where Democrats captured majorities in both the House and Senate, Trump cited military involvement with Iran and inflation as contributing factors. Meanwhile, Iranian officials interpreted the US election results as a clear rejection of military conflict and war by the American electorate.