ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ സമുച്ചയമാണ് തിഹാറിലേത്.  ഒരു തടവുകാരൻ ദാഹിച്ചു വലഞ്ഞ് വാട്ടർ പ്യൂരിഫയറിന് അടുത്തേക്ക് ചെല്ലുന്നു എന്ന് വെള്ളം കുടിക്കാന്‍ മാത്രമല്ലെന്നാണ് നിലവിലെ അവസ്ഥ. പ്യൂരിഫയറിനുള്ളിൽ ഒളിപ്പിച്ചുവെച്ച ഫോൺ എടുത്ത് മിസ്ഡ് കോൾ അടിക്കാനാകും. സിനിമ രംഗങ്ങളെ കടത്തിവെട്ടുന്നതാണ്  തിഹാർ ജയിലിനുള്ളിലെ ഫോൺ കടത്തും ഒളിപ്പിക്കലുമെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.  മണ്ഡോലിയിലെ ആറ് ജയിലുകൾ ഉൾപ്പെടെ 15 സെൻട്രൽ ജയിലുകളിലായി പതിനായിരത്തിലധികം തടവുകാരാണ് തിഹാർ സമുച്ചയത്തിലുള്ളത്. ഇതിൽ മൂന്നാം നമ്പർ സെൻട്രൽ ജയിലിൽ മാത്രം 2020 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടെ നടന്ന 285 റെയ്ഡുകളിൽ കുടുങ്ങിയത് 350 മൊബൈൽ ഫോണുകളാണ്.

താരം കുഞ്ഞന്‍ ഫോൺ

ജയിലിനുള്ളിൽ ആഡംബര ഫോണുകൾക്ക് നോ ഡിമാൻഡ്. അഞ്ച് വർഷത്തിനിടെ ആകെ പിടിച്ചെടുത്തത് രണ്ട് ഐഫോണുകളും ആറ് നോക്കിയ സ്മാർട്ട്‌ഫോണുകളുമാണ്.  തടവുകാരുടെ പ്രിയപ്പെട്ട താരം തള്ളവിരലിന്റെ  വലിപ്പമുള്ള കെച്ചോഡ എന്ന ചൈനീസ് ഫോണാണ്. ലോകത്തിലെ ഏറ്റവും ചെറിയ ഫോൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മോഡലിന് ആയിരം രൂപയിലധികം മാത്രമാണ് വിലയെന്നതിനാൽ പിടിക്കപ്പെട്ടാലും തടവുകാർക്ക് വലിയ ക്ഷതമില്ല. പിടിച്ചെടുത്ത 350 ഫോണുകളിൽ 202 എണ്ണവും കുഞ്ഞൻ ഫോണുകളാണ്. തൊട്ടുപിന്നിൽ ചെറിയ സാംസങ് ഡ്യുവോസ് ഫോണുകളാണ്—88 എണ്ണം. ഓപ്പോ, റെഡ്മി, വിവോ, മെൽറോസ്, റിയൽമി തുടങ്ങിയ ചൈനീസ് ബ്രാൻഡുകളും ഹീറോ, റിങ്‌മി, സ്നെക്സിയൻ, ബ്ലാക്ക്‌സോൺ, എൽവിക്സ് തുടങ്ങിയ വിലകുറഞ്ഞ ഇന്ത്യൻ ഫോണുകളും ഡ്യുവൽ സിം ആൻഡ്രോയിഡ് പതിപ്പുകളും ജയിലിലെ രഹസ്യ വിനിമയ മാധ്യമങ്ങളാണ്.

പൂച്ചട്ടി മുതൽ മുതുകുവരെ ഒളിത്താവളം

കുഞ്ഞന്‍ ഫോണ്‍ പൂഴ്ത്തിവക്കാന്‍ തടവുകാര്‍ സ്വീകരിക്കുന്ന ഇടങ്ങളും വിചിത്രമാണ്. കുടിവെള്ള പൈപ്പുകൾ, ശുചിമുറിയിലെ ഫ്ലഷ് ടാങ്കുകൾ, ടിഫിൻ ബോക്സുകൾ, പ്ലാസ്റ്റിക് പെട്ടികൾ, എം.സി.വി ബോക്സ് പരിസരം, ശുചിമുറികളുടെയും ചുവരുകളിലെ വിടവുകൾ.. അങ്ങനെ പോകുന്നു ആ പട്ടിക. വാർഡിലെ ക്ഷേത്രവളപ്പിലും ആൽമരത്തിന്റെ ചുവട്ടിലും ചെടിച്ചട്ടികൾക്കടിയിലും കുഴിച്ചിട്ട നിലയിലും ഫോണുകൾ കിട്ടിയിട്ടുണ്ട്. ജയിലിനുള്ളിൽ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോളാണ് മണ്ണിലെ ഒളിയിടങ്ങള്‍ പലപ്പോഴും വെളിച്ചത്താകുന്നത്. ഒന്നാം നമ്പർ വാർഡിലെ പൊതു ശുചിമുറിയുടെ മേൽക്കൂരയിൽ നിന്നും സാംസങ് ഡ്യുവോസ് മിനി ഫോൺ ലഭിച്ചു.  ജയിൽ മതിലിന് പുറത്തുനിന്ന് എറിഞ്ഞു നല്‍കിയവരുടെ ഉന്നക്കുറവാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.  ഇതിനൊക്കെ പുറമെ ഒരു തടവുകാരന്‍റെ മുതുകിൽ കെട്ടിവെച്ച നിലയിൽ പോലും ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.

ജയിലിലെ എൻജിനീയറിങ് ബുദ്ധികള്‍

ഫോൺ മാത്രം ഒപ്പിച്ചാല്‍ പോരല്ലോ, ചാര്‍ജും അതിനായി ചാര്‍ജറും വേണം. ചാർജർ കടത്താൻ പ്രയാസമായതോടെ അതിനും തടവുകാർ മാർഗം കണ്ടെത്തി. സ്വന്തമായി നിർമിക്കുക. ഇത്തരത്തിൽ കൈകൊണ്ട് നിർമ്മിച്ച 19 ചാർജറുകളാണ് ജയിലിൽ നിന്ന് പിടിച്ചെടുത്തത്. 2023 ജൂണിൽ നടന്ന പരിശോധനയിൽ ഏഴ് ഫോണുകൾക്കൊപ്പം ഏഴ് കൈനിർമ്മിത ചാർജറുകളും കണ്ടെടുത്തിരുന്നു. പിടിക്കപ്പെട്ടാൽ ഫോണിന്‍റെ ഉറവിടം പൊലീസ് കണ്ടെത്താതിരിക്കാൻ 17 ഫോണുകളിലെ IMEI നമ്പറുകൾ  മായ്ച്ചുകളയാനും തടവുകാർ മറന്നില്ല.

ഫോണുകൾക്ക് പുറമെ ഇയർഫോണുകൾ, മെമ്മറി കാർഡുകൾ, ഡാറ്റാ കേബിളുകൾ എന്നിവയും ജയിലിൽ സുലഭം. മണ്ഡോലിയിലെ 15-ാം നമ്പർ ജയിലിൽ നിന്ന് 2020നും 2026നും ഇടയിൽ 27 പെൻഡ്രൈവുകളും 14-ാം നമ്പർ ജയിലിൽ നിന്ന് ഒരു പെൻഡ്രൈവും പിടിച്ചെടുത്തിട്ടുണ്ട്. 12-ാം നമ്പർ ജയിലിലാകട്ടെ, 2019 ജനുവരി ഒന്നിന് തടവുകാർ ഇന്റർനെറ്റ് കോളിങ് സംവിധാനമായ VoIP ഉപയോഗിച്ചത് കണ്ടെത്തിയെങ്കിലും ഉപകരണങ്ങൾ പൊക്കാൻ ഉദ്യോഗസ്ഥർക്കായില്ല. അഞ്ച് വർഷത്തിനിടെ ഫോൺ ഉപയോഗിച്ചതിന് 60 തവണയാണ് ഇവിടെ തടവുകാർക്ക് ശിക്ഷ നൽകിയത്.

ഡൽഹിയിലെ ജയിലിൽ തമിഴ്‌നാട് പൊലീസ് 

തിഹാറിലെ തിരക്ക് കുറയ്ക്കാനാണ് ഒരു പതിറ്റാണ്ട് മുമ്പ് വടക്കുകിഴക്കൻ ഡൽഹിയിലെ മണ്ഡോലിയിൽ 67 ഏക്കറിൽ ആറ് സെൻട്രൽ ജയിലുകൾ കൂടി പണിതത്. ഇവിടെ കവാടങ്ങളിൽ തടവുകാരുടെ ദേഹപരിശോധന നടത്തുന്നത് തമിഴ്‌നാട് സ്പെഷ്യൽ പൊലീസാണ്. ഉത്തരേന്ത്യൻ തടവുകാർ നിറഞ്ഞ ഡൽഹിയിലെ ജയിലിൽ എന്തിനാണ് തമിഴ്‌നാട് പൊലീസ് എന്ന് തോന്നാം. ഭാഷാ തടസ്സം തന്നെയാണ് ഇവിടുത്തെ പ്രധാന സുരക്ഷാ ആയുധം.

ഡൽഹി, ഹരിയാന, യു.പി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തടവുകാരും ഗുണ്ടാസംഘങ്ങളും പ്രാദേശിക പൊലീസുകാരുമായി വേഗത്തിൽ സൗഹൃദം സ്ഥാപിക്കാനും സ്വാധീനിക്കാനും സാധ്യതയുണ്ട്. എന്നാൽ ഹിന്ദി അധികം വശമില്ലാത്ത ഡൽഹിയിൽ പ്രാദേശിക ബന്ധങ്ങളൊന്നുമില്ലാത്ത തമിഴ്‌നാട് പൊലീസുകാരോട് അടുക്കുക എളുപ്പമാകില്ല. ഈയൊരു ലക്ഷ്യത്തോടെ പതിറ്റാണ്ടുകളായി തിഹാറിന്‍റെ സുരക്ഷാ ചുമതലയിൽ തമിഴ്‌നാട് പൊലീസുണ്ട്. ഇവർക്ക് പുറമെ സി.സി.ടി.വി ക്യാമറകൾ, സിഗ്നൽ തടയാൻ ജാമറുകൾ, രഹസ്യാന്വേഷണ വിവരശേഖരണം, മിന്നൽ പരിശോധനകൾ എന്നിവയെല്ലാം ജയിലിലുണ്ട്. ഇതെല്ലാം മറികടന്ന് കുഞ്ഞൻ ഫോണുകൾ എങ്ങനെ അകത്തെത്തുന്നു എന്ന ചോദ്യത്തിന്  കൈമലർത്തുകയാണ് അധികൃതർ. 

ടവേഴ്‌സ് ഓഫ് ഹാർമോണിയസ് കോൾ ബ്ലോക്കിംഗ് സിസ്റ്റം

അറ്റ കൈ പ്രയോഗം എന്നോണമാണ് തിഹാറിൽ പുതിയ ആറ് സ്ഥലങ്ങളിലായി 15 മൊബൈൽ ജാമറുകൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നത്.  മൊബൈൽ ഫോണുകളും ബേസ് ടവറുകളും തമ്മിലുള്ള സിഗ്നൽ കൈമാറ്റം തടസ്സപ്പെടുത്തുന്ന ഉപകരണമാണ് മൊബൈൽ ഫോൺ ജാമർ.

ഏകദേശം 11.5 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. 2ജി, 3ജി, 4ജി നെറ്റ്‌വർക്കുകളുള്ള എല്ലാത്തരം മൊബൈൽ ഫോണുകളുടെയും സിഗ്നലുകൾ തടയാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഫോൺ കോൾ ആരംഭിക്കുമ്പോൾ തന്നെ വിച്ഛേദിക്കുന്ന സാങ്കേതികവിദ്യയായ 'ടവേഴ്‌സ് ഓഫ് ഹാർമോണിയസ് കോൾ ബ്ലോക്കിംഗ് സിസ്റ്റം' എന്ന നിലവിലുള്ള മൂന്ന് ടവറുകൾക്ക് പുറമെയാണ് ഈ 15 പുതിയ ജാമറുകൾ സ്ഥാപിക്കുന്നതെന്ന് തിഹാർ ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. നോയ്‌സ് ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന 15 പുതിയ സ്റ്റാറ്റിക് ജാമർ ടവറുകൾ ജയിലിനുള്ളിൽ തടവുകാർ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.രണ്ട് മാസം മുമ്പ് ആരംഭിച്ച ജാമറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഈ മാസം തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.