ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടവിഭവമാണ് ഇഡ്ഡലിയും സാമ്പാറും. ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവമാണ് ബട്ടർ ചിക്കൻ. ഇവ രണ്ടും ചേർത്തൊരു വിഭവമായാലോ? എങ്ങനെയുണ്ടാകും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
Also Read: ഒരിക്കല്‍ ശരിയെന്ന് തോന്നിയത് എന്നും ശരിയാകണമെന്നില്ല; മുനവച്ച് ദിവ്യയുടെ പോസ്റ്റ്
ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ ‘സ്വിഷി’ന്റെ മെനുവിൽ പ്രത്യക്ഷപ്പെട്ട ‘ബട്ടർ ചിക്കൻ സ്റ്റഫ്ഡ് ഇഡ്ഡലി’യാണ് സൈബറിടത്തെ ചർച്ചാവിഷയം. വൻഷ് എന്ന എക്സ് ഉപയോക്താവാണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടത്. ഒരു പാത്രത്തിൽ ഇഡ്ഡലിയും ചട്ണിയും. ഒപ്പം, മുറിച്ച ഇഡ്ഡലിക്കുള്ളിൽ നിറച്ച ബട്ടർ ചിക്കനും.
Also Read: ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നു; ദിവ്യ നിലപാട് വ്യക്തമാക്കട്ടെ: പി.കെ. കൃഷ്ണദാസ്
ചിത്രത്തോടൊപ്പം വൻഷ് പങ്കുവച്ച കുറിപ്പാണ് വൈറലായത്. ഈ പാതകം ചെയ്യുന്നയാൾക്ക് കുറഞ്ഞത് 20 വർഷമെങ്കിലും തടവുശിക്ഷ നൽകണമെന്നായിരുന്നു വൻഷിന്റെ പരിഹാസം. ഒരു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിലാണ് ഈ അസാധാരണ കൂട്ടുകെട്ട് കണ്ടതെന്നും വൻഷ് പറയുന്നു. 179 രൂപയാണ് ബട്ടർ ചിക്കൻ സ്റ്റഫ്ഡ് ഇഡ്ഡലിയുടെ വില.
തനത് ഭക്ഷണശീലങ്ങളെയും രുചികളെയും ഇഷ്ടപ്പെടുന്നവരുടെ താൽപര്യങ്ങളെ തകിടംമറിക്കുന്ന പരീക്ഷണമാണിതെന്നാണ് സൈബറിടത്തിലെ വിമർശനം. ഇതൊരു കുറ്റകൃത്യമാണെന്നും ഇഡ്ഡലിയെയെങ്കിലും വെറുതെ വിട്ടുകൂടേയെന്നും ചിലർ ചോദിക്കുന്നു. ദോശയെ മുട്ടദോശയാക്കി മാറ്റിക്കഴിഞ്ഞു, ഇപ്പോഴിതാ പാവം ഇഡ്ഡലിയും!
ഇഡ്ഡലിയാണ് ഞങ്ങളുടെ സ്റ്റൈൽ! ഈ അവിഹിതം സമ്മതിച്ചു കൊടുക്കാനാവില്ലെന്നാണ് സമൂഹമാധ്യമ ഉപയോക്താക്കളിൽ ചിലരുടെ നിലപാട്. ഇഡ്ഡലിയുടെ കടുത്ത ആരാധകനായ ശശി തരൂർ ഈ വിഷയത്തിൽ എപ്പോഴാണ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തുകയെന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്.