ഫയർ ഫോഴ്സ് വാഹനം സൈറൺ വിളിച്ച് പാഞ്ഞെത്തുന്നത് സാധാരണ ഏതെങ്കിലും കെട്ടിടത്തിന് തീയോ ആളപായമോ ഉണ്ടാകുമ്പോഴാണ്. എന്നാൽ ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ ഒരു മുനിസിപ്പൽ ഫയർ ബ്രിഗേഡ് ടാങ്കർ എത്തിയത് എംഎൽഎയുടെ സ്വകാര്യ ബംഗ്ലാവ് കഴുകി വൃത്തിയാക്കി മിനുക്കാനാണ്. ദേവ്ഗഡ് ബാരിയ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ബച്ചുഭായ് ഖബാദിന്റെ വീടാണ് നഗരസഭയുടെ ഫയർ എന്‍ജിൻ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഗതി വലിയ വിവാദമായി മാറിയിരിക്കുകയാണ്. തീ അണയ്ക്കാൻ അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ജീവനക്കാർ വാഹനം കൊണ്ടുവന്നതെന്നും എന്നാൽ സ്ഥലത്തെത്തിയപ്പോഴാണ് എംഎൽഎയുടെ വീട് കഴുകാനാണ് തങ്ങളെ വിളിപ്പിച്ചതെന്ന് അറിഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട സർക്കാർ സംവിധാനങ്ങൾ സ്വന്തം ആവശ്യത്തിനായി ദുരുപയോഗം ചെയ്തു എന്ന വിമർശനവും ശക്തമാണ്.

വിഷയം വിവാദമായതോടെ ഖബാദിന്‍റെ മകന്‍ തങ്ങള്‍ പണം കൊടുത്താണ് വീട് കഴുകിയതെന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു.  അഗ്നിശമന സേനയുടെ വാഹനം ഉപയോഗിക്കുന്നതിന് 2700 രൂപ നല്‍കിയെന്നും പറഞ്ഞു. ഇതിന് തെളിവായി പണം നല്‍കിയ രസീതിന്‍റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു.

സംഭവത്തിലെ വസ്തുതകള്‍ പരിശോധിക്കാനും ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാനും മുനിസിപ്പൽ  ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മേൽനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചീഫ് ഓഫിസർ അറിയിച്ചു.

ENGLISH SUMMARY:

the controversial use of a fire brigade vehicle to clean an MLA's private bungalow in Gujarat's Dahod district. This incident has sparked widespread criticism regarding the misuse of public resources for personal gain.